പോത്തൻകോട്: നവപൂജിതം ആഘോഷങ്ങളുടെ സമർപ്പണമായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പൂർണകുംഭമേള നടക്കും. കുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. താമരപ്പർണശാലയിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ആശ്രമകുംഭം നിറച്ചു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ,ഡയറക്ടർ സ്വാമി നവനന്മ,സ്വാമി നവകൃപ,സ്വാമി വിശ്വബോധ,സ്വാമി ജ്ഞാനദത്തൻ,സ്വാമി ഗുരുനന്ദ്,സ്വാമി ജ്യോതിർപ്രഭ,സ്വാമി ജനസ്‌നേഹജൻ,സ്വാമി പ്രകാശരൂപ തുടങ്ങിയവർ പങ്കെടുത്തു. കുംഭമേള ദിവസം വരെ പ്രാർത്ഥനാലയത്തിൽ രാവിലെയും വൈകിട്ടും ആരാധന സമയത്ത് നിയുക്തനായ സന്യാസി ആശ്രമം കുംഭം ശിരസിലേറ്റി പ്രദക്ഷിണം ചെയ്യും. കുംഭഘോഷയാത്രയ്ക്കുള്ള കുംഭങ്ങൾ യജ്ഞശാലയിൽ തയ്യാറായി.സുഗന്ധദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ തീർത്ഥം മൺകുടങ്ങളിൽ നിറച്ച്, പീതവസ്ത്രംകൊണ്ട് പൊതിഞ്ഞ്, വായ് വട്ടത്തിൽ ആലിലയും വെറ്റിലയും മാവിലയും അടുക്കി, നാളികേരം വച്ച്, പൂമാല ചാർത്തിയാണ് കുംഭങ്ങൾ ഒരുക്കുന്നത്.
കുംഭമേള ദിനമായ ഇന്ന് സന്യാസി സന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗുരുഭക്തരും മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ യജ്ഞശാലയിൽ നിന്നും കുംഭങ്ങൾ ശിരസിലേറ്റി ഘോഷയാത്രയായി ആശ്രമസമുച്ചയം വലംവയ്ക്കും. ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകര ഗുരു സമാധിയായ ദിവസത്തെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂർണകുംഭമേള. ഇന്ന് രാവിലെ 5ന് ആരാധനയോടെയാണ് പ്രാർത്ഥനച്ചടങ്ങുകൾ ആരംഭിക്കുക.തുടർന്ന് ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുടെ പ്രത്യേക പുഷ്പാഞ്ജലി,6ന് ധ്വജം ഉയർത്തൽ,7 മുതൽ പുഷ്പസമർപ്പണം,10.30ന് ഗുരുദർശനം എന്നിവയുണ്ടാകും. വൈകിട്ട് 4ന് കുംഭഘോഷയാത്ര. തുടർന്ന് സത്സംഗം.രാത്രി 9ന് വിശ്വസംസ്‌കൃതി കലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |