വിതുര: ബോണക്കാട് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായ കാത്തിരിപ്പ് കേന്ദ്രം ഒരുങ്ങി. വർഷങ്ങളായി ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾ വെയിറ്റിംഗ്ഷെഡിനായി നിവേദനം നൽകി കാത്തിരിക്കുകയായിരുന്നു. ഇവിടെ വിതുര പഞ്ചായത്ത് അനുവദിച്ച തുക വിനിയോഗിച്ച് പുതിയ വെയിറ്റിംഗ്ഷെഡ് സ്ഥാപിച്ചു. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ മഴയും, വെയിലുമേറ്റ് നിൽക്കേണ്ട അവസ്ഥയിലായിരുന്നു. വിദ്യാർത്ഥി സമൂഹമായിരുന്നു ഏറെ ബുദ്ധിമുട്ടിയിരുന്നത്. ഇവിടെ മുൻപ് വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. ബോണക്കാട് നിവാസികൾ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടർന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് പ്രശ്നത്തിൽ ബന്ധപ്പെടുകയും പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. ബോണക്കാട് വെയിറ്റിംഗ് ഷെഡ് അനുവദിച്ച വിതുര പഞ്ചായത്ത് പ്രസിഡന്റിന് തോട്ടം തൊഴിലാളികൾ നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടനം തിങ്കളാഴ്ച
വിതുര പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ബോണക്കാട്ട് നിർമ്മിച്ച പുതിയ കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം 22ന് രാവിലെ 11ന് ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് അദ്ധ്യക്ഷത വഹിക്കും. ബോണക്കാട് വാർഡ് മെമ്പർ വത്സല സ്വാഗതം പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |