ഇതൊരു ചക്ക കഥയാണ്. അടർത്താൻ ആളിനെ കിട്ടാതെ, പഴുത്ത് നിലത്ത് വീണു പൊട്ടി, കാക്ക കൊത്തിപ്പോയിരുന്ന നാട്ടിലെ ചക്ക ജീവിതം മാറ്റിമറിച്ച കഥ. ചക്ക ജീവിതത്തിന്റെ വഴിയായ കഥ. ക്വാറികൾ അടഞ്ഞതോടെ പ്രതിസന്ധിയിലായ വല്ലം സുന്ദരന്റെ ജീവിതത്തിൽ ചക്ക സൃഷ്ടിച്ച വിസ്മയത്തിന്റെ കഥ. ചക്കയിൽ നിന്നും സുന്ദര സ്വാദുകൾ വിരിഞ്ഞ കഥ. അതിപ്രസിദ്ധമായ ജാക്കിഫൈ എന്ന ചക്ക ബ്രാൻഡിന്റെ പിറവിയുടെ കഥ. ചക്ക നിരവധി പേരുടെ ജീവനോപാധിയായി മാറിയ ജീവിത കഥ.
കൊട്ടാരക്കര നെടുവത്തൂരിലെ വല്ലം എന്ന ഗ്രാമം. കരിമ്പാറമലകളും മലകളുടെ താഴ്വാരത്ത് വയലുമുള്ള നാട്. പല നാടുകളിലേതും പോലെ ഈ ഗ്രാമത്തിലുള്ളവരുടെ പ്രധാന ജീവനോപാധി കൃഷിയായിരുന്നു. പക്ഷേ വേനലിനെ ഈ നാട്ടുകാർക്ക് വല്ലാത്ത ഭയമായിരുന്നു. വേനലിന്റെ നിഴൽ കാണുമ്പോഴേ വയലുകളെല്ലാം വറ്റിവരളും. പക്ഷെ തോൽക്കാതെ, എതിരുകളോട് പടവെട്ടി ജീവിച്ചവരുടെ നാട്. അതുകൊണ്ട് തന്നെ ഈ നാട്ടുകാർ പ്രതിസന്ധികൾക്ക് മുന്നിൽ പെട്ടെന്ന് തോൽക്കില്ല. അത്തരത്തിൽ തോൽക്കാൻ മനസില്ലാതെ മണ്ണിലേക്ക് ഇറങ്ങിയ ആളാണ് നമ്മുടെ കഥയിലെ നായകൻ. മണ്ണിൽ പൊന്നുവിളയിച്ച്, പൊന്നിൻ നിറമുള്ള ചക്ക കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന വല്ലം സുന്ദരൻ.
ചെത്ത് തൊഴിലാളിയായ പി. ബാലകൃഷ്ണന്റെയും പങ്കജാക്ഷിയുടെയും എട്ട് മക്കളിൽ ഏഴാമനാണ് വല്ലം സുന്ദരൻ. പഠനത്തിൽ മോശക്കാരൻ അല്ലായിരുന്നെങ്കിലും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പഠിപ്പ് നിറുത്തി. പിന്നെ സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ കഠിനമായി അദ്ധ്വാനിച്ചു. ചോര വിയർപ്പാക്കിയ പണം കൊണ്ട് സുന്ദരൻ പ്രദേശത്തെ പാറമലകൾ വാങ്ങി. അങ്ങനെ പാറ ക്വാറി കോൺട്രാക്ടറായി. മുന്നൂറോളം തൊഴിലാളികളും അഞ്ച് ടിപ്പർ ലോറികളുമൊക്കെയുള്ള കോൺട്രാക്ടർ. സുന്ദരന്റെ ക്വാറിയിൽ പണിയെടുത്ത് നാട്ടുകാരിൽ പലരും ജീവിതം പടുത്തുയർത്തി. മുതലാളിയെന്ന ഹുങ്കില്ലാതെ സുന്ദരൻ നാട്ടുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെട്ടു. രാവിലെ അഞ്ചരയ്ക്ക് ക്വാറിയിലേക്ക് പോകുന്ന അദ്ദേഹം ആറര കഴിയുമ്പോഴാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്.
അങ്ങനെയിരിക്കെ ഒൻപത് വർഷം മുൻപ് ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിൽ കേരളത്തിലെ വലിയൊരു വിഭാഗം ക്വാറികൾ അടഞ്ഞു. കൂട്ടത്തിൽ വല്ലം സുന്ദരന്റെ ക്വാറിയും പൂട്ടി. സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നെങ്കിലും തൊഴിൽ നഷ്ടപ്പെട്ടതോടെ വല്ലം സുന്ദരന്റെ മനസ് വല്ലാതെ ചഞ്ചലപ്പെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം മനസൊന്ന് കുളിർപ്പിക്കാൻ സുന്ദരൻ വീട്ടുപറമ്പിലൂടെ നടന്നു. അപ്പോൾ മുളക് ചെടിയിൽ സാമ്പാറ് മുളക് പൂക്കുല പോലെ വിളഞ്ഞുനിൽക്കുന്നു. പാഴാക്കി കളയണ്ടെന്ന് കരുതി സുന്ദരൻ തൊട്ടടുത്ത ദിവസം മുളക് പിച്ചി ചന്തയിൽ കൊണ്ടുപോയി കൊടുത്തു. ഒരു കിലോ മുളകിന് കിട്ടിയത് വെറും 25 രൂപ.
വീട്ടിലേക്ക് മടങ്ങും വഴി സുന്ദരൻ വഴിവക്കിൽ വച്ച് ഉറ്റചങ്ങാതിയായ സേതുവിനെ കണ്ടു. മുളക് വിറ്റ് 25 രൂപ വാങ്ങിയ കാര്യം അഭിമാനത്തോടെ ചങ്ങാതിയോട് പറഞ്ഞു. അപ്പോൾ ചങ്ങാതി നൽകിയ മറുപടി വല്ലം സുന്ദരന്റെ ജീവിതത്തിൽ ടേണിംഗ് പോയിന്റായി. '' നെടുവത്തൂർ സ്വാശ്രയ കാർഷിക സമിതി വിപണിയുണ്ട്. ഇനി മുളക് ഉണ്ടെങ്കിൽ നീ അവിടെ കൊണ്ടുപോയി കൊടുക്ക്. നല്ല വില കിട്ടും.'' ചങ്ങാതിയുടെ ഉപദേശ പ്രകാരം സുന്ദരൻ രണ്ട് ദിവസം കഴിഞ്ഞ് മുളകുമായി നെടുവത്തൂർ സ്വാശ്രയ കാർഷിക വിപണിയിലെത്തി. ഒരു കിലോ മുളകിന് അവിടെ നൂറ് രൂപ കിട്ടി. ആ നിമിഷം അദ്ദേഹം ചിന്തിച്ചു. 'അപ്പോൾ കൃഷി ചെയ്തു ജീവിക്കാം. പാറ പൊട്ടിച്ച സ്ഥലങ്ങളെല്ലാം തരിശായി കിടക്കുകയാണ്. ക്വാറിയിൽ നിറയെ വെള്ളവും കെട്ടിക്കിടക്കുന്നു.' വീട്ടിലേക്ക് മടങ്ങും വഴി സുന്ദരൻ കിനാവുകൾ നെയ്തുകൂട്ടി. വിപണിയിൽ നിറയെ പച്ചക്കറികളും വാഴക്കുലകളും കിഴങ്ങ് വർഗ്ഗങ്ങളും വിൽക്കുന്ന കർഷകനായി താൻ മാറുന്ന കിനാവ്.
കിനാവിലേത് പോലെ സുന്ദരൻ പാറ പൊട്ടിച്ച ശേഷം മണ്ണിട്ട് നികത്തിയിരുന്ന തരിശ് ഭൂമിയിൽ പിറ്റേന്നെത്തി. അവിടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശത്തോടെ തട്ടുപന്തലിട്ട്, പാവലും പടവലവും പയറും പിടിപ്പിച്ചു. ക്വാറിയിൽ മഴ പെയ്തു കെട്ടിയ വള്ളം പമ്പ് ചെയ്തു കൃഷി നനച്ചു. ആഴ്ചകൾ പിന്നിട്ടപ്പോൾ നെടുവത്തൂർ കൃഷി ഭവനിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ തഴച്ച് വിളഞ്ഞുനിൽക്കുന്ന പാവയ്ക്കയും പടവലവും വള്ളിപ്പയറും കുക്കുമ്പറും കണ്ട് അമ്പരന്നു. 'നിങ്ങൾ ഇത്തവണത്തെ കൃഷി വകുപ്പിന്റെ അവാർഡിന് അപേക്ഷിക്കണം. നിങ്ങൾക്ക് ഉറപ്പായും അവാർഡ് കിട്ടും.' ഉദ്യോഗസ്ഥരുടെ വാക്കുകൾ പൊന്നായി. ജില്ലയിലെ മികച്ച മൂന്നാമത്തെ കർഷകനായി കന്നി കൃഷിയിൽ തന്നെ വല്ലം സുന്ദരൻ തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് സമ്മാനിച്ച ആവേശത്തിൽ വല്ലം സുന്ദരൻ പച്ചക്കറിക്കൊപ്പം ഫലവർഗ്ഗങ്ങളുടെ കൃഷിയിലേക്ക് കാൽ വച്ചു. നാരങ്ങ, മുള്ളാത്ത, പേര, റമ്പൂട്ടാൻ, മിൽക്ക് ഫ്രൂട്ട്, മാംഗോസ്റ്റിൻ എന്നിവയൊക്കെ നട്ടു. കൃഷി തലയ്ക്ക് പിടിച്ചതോടെ അദ്ദേഹം ഉച്ച ഊണ് പോലും പല ദിവസങ്ങളിലും മറന്നു.
അങ്ങനെയിരിക്കെ 2021ൽ തൃശ്ശൂരിൽ നടന്ന വൈഗ കാർഷിക മേള കാണാൻ സുന്ദരൻ കൂട്ടുകാർക്കൊപ്പം പോയി. അവിടെ കണ്ട നേരത്തെ കുലയ്ക്കുന്ന വിയ്റ്റനാം ഏർലി പ്ലാവിൻ തൈകൾ വാങ്ങി പറമ്പിൽ നട്ടു. തുടർന്ന് നട്ടതടക്കം സുന്ദരന്റെ കൃഷിഭൂമിയിൽ ഇപ്പോൾ 170 പ്ലാവുകളുണ്ട്.
ചക്ക കൊണ്ടൊരു
അമ്മാനമാട്ടം
ചക്ക കൊണ്ടുള്ള അമ്മാനമാട്ടമാണ് വല്ലം സുന്ദരന്റെ ഇപ്പോഴത്തെ ജീവിതം. ചക്കയുടെ മുള്ള് കൊണ്ട് പൽപ്പൊടിയും ദാഹശമനിയും നിർമ്മിക്കും. ചക്ക മടൽ അച്ചാർ, ചവിണി മിക്ചർ, ചുള കൊണ്ട് വറ്റലും ചിപ്സും ചക്കമാവും. ചക്കക്കുരുവിന്റെ പാട കൊണ്ട് പക്കാവട. ചക്കക്കുരുവിന്റെ തൊലി ഉണക്കി മുഖത്ത് തേയ്ക്കാനുള്ള സൗന്ദര്യ വർദ്ധക ലേപനം. ചക്കക്കുരു മാവാക്കി അവലേസ് പൊടിയും ഉണ്ടയും ലഡുവും. ചക്കപ്പൂഞ്ഞ് കൊണ്ട് അച്ചാറ്. ചക്കക്കറ ഉണങ്ങി കരിച്ച് കൺമഷി. ഇങ്ങനെ സുന്ദരന്റെ കൈയിൽ ചക്ക കിട്ടിയാൽ ഒരു നുള്ള് പോലും പാഴായി പോകില്ല.
ഓൺലൈനായും നേരിട്ടും വാങ്ങാം
നെടുവത്തൂർ വല്ലം എന്നിവിടങ്ങളിൽ ജാക്കിഫൈ ബ്രാൻഡിന്റെ ഔട്ട്ലെറ്റുകളുണ്ട്. ഇവിടങ്ങളിൽ ജാക്കിഫൈ ഉല്പന്നങ്ങൾക്ക് പുറമേ നാടൻ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ വിലക്കുറവിൽ നൽകുന്നുണ്ട്. ഇതിന് പുറമേ ഓൺലൈനായും ജാക്കിഫൈ ഉല്പന്നങ്ങൾ വിൽക്കുന്നു. ചെറിയ അളവിലുള്ള ഓർഡറുകൾ സ്വകാര്യ കൊറിയർ വഴിയും വലിയളവിലുള്ളത് കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവീസ് വഴിയും എത്തിക്കും. വിദേശത്തേക്ക് പോകുന്നവർ വലിയളവിൽ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.
ജാക്കിഫൈ
ചക്ക മൂല്യവർദ്ധിത ഉല്പന്നങ്ങൾ കിനാവല്ല
ഏതാനും വർഷം മുൻപ് കണ്ട കിനാവിലേത് പോലെ നെടുവത്തൂർ സ്വാശ്രയ കാർഷിക സമിതി വിപണിയിൽ ഏറ്റവും കൂടുതൽ ഉല്പന്നങ്ങൾ വയ്ക്കുന്ന കർഷകരിൽ ഒരാളാണ് ഇപ്പോൾ വല്ലം സുന്ദരൻ. വിപണിയിൽ പ്രതിവർഷം ശരാശരി 12 ലക്ഷം രൂപയുടെ വരെ ഉല്പന്നങ്ങൾ വിൽക്കുന്നു. ഓണത്തിന് മുപ്പതിനായിരം രൂപയിലധികം ബോണസും വാങ്ങുന്നു. കരിങ്കൽ ക്വാറി അസോസിയേഷൻ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗമാണ്. നെടുവത്തൂർ സ്വാശ്രയ കാർഷിക സമിതി പ്രസിഡന്റായി ഒരു ടേം പ്രവർത്തിച്ചുണ്ട്.
കുടുംബം
നെടുവത്തൂർ വല്ലം ചൈതന്യയിലാണ് താമസം. ജി. ശകുന്തളയാണ് ഭാര്യ. മകൾ ഭാഗ്യ സുന്ദർ കാരുവേലിൽ എൻജിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. തലച്ചിറ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മകൻ ഭരത് സുന്ദർ കിക് ബോക്സിംഗ് താരമാണ്. അടുത്തിടെ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു. ജ്യേഷ്ഠൻ വല്ലം ശാന്താലയത്തിൽ രാജനും ഭാര്യ ശാന്തയും വല്ലം സുന്ദരന് കൃഷിയിൽ വലിയ പ്രോത്സാഹനം നൽകുന്നു.
പ്രധാനപ്പെട്ട ജാക്കി ഫൈ ബ്രാൻഡ് ചക്ക ഉല്പന്നങ്ങൾ
ചക്ക സമ്പൂർണ്ണ ഒന്നര മുതൽ രണ്ടര മാസം വരെയുള്ള കുരു മുറ്റാത്ത ചക്കയുടെ കരിമുള്ള് ചെത്തിക്കളഞ്ഞ് ചെറുതായി ഉണക്കി ചൂട് വെള്ളത്തിൽ മുക്കി ഡ്രയറിൽ ഉണക്കും. പിന്നീട് പൊടിച്ച് നിർമ്മിക്കുന്നതാണ് ഫൈബർ കണ്ടന്റ് ഏറെയുള്ള സമ്പൂർണ്ണ.
ചക്ക പൗഡർ വിളഞ്ഞ ചക്കയുടെ ചുള ഉണക്കി നിർമ്മിക്കുന്നത്. ഇഡലി, ദോശമാവ് എന്നിവയ്ക്കൊപ്പം ചേർത്ത് ഉപയോഗിക്കാം
ചക്ക ബിരിയാണി, കൊത്തൻ ചക്ക ഓർഡർ പ്രകാരം നിർമ്മിച്ച് നൽകും. 130 രൂപയാണ് വില.
ചക്കക്കുരു പൗഡർ വിളഞ്ഞ ചക്കയുടെ കുരു ഉണക്കിപ്പൊടിച്ച് നിർമ്മിക്കുന്നത്. പുട്ട്, അവലേസ് പൊടി, ഉണ്ട എന്നിവ ഉണ്ടാക്കാം.
സ്റ്റീം പുട്ട് പൊടി അരി ആവിയിൽ വേവിച്ച് ഡ്രെയറിൽ ഉണക്കി പൊടിച്ച് ചക്കക്കുരു പൗഡർ കൂടി ചേർത്തത്. പുട്ട് നിർമ്മിക്കാം.
ചക്ക കട്ലറ്റ്
ചക്ക മുറുക്ക്
ചക്ക പക്കാവട
ചക്ക അലുവ
ചക്കവരട്ടി
ചക്ക ജിലേബി
ചക്ക ഉണക്കിയത്
ചക്ക ചിപ്സ്
ചക്ക ജെല്ലി ചക്കയുടെ ചവിണിയും മടലും കൊത്തിയിരിഞ്ഞ് വേവിച്ച് ഉണ്ടാക്കുന്ന വെള്ളം ഊറ്റിയെടുത്ത് പഞ്ചസാര ചേർത്ത് നിർമ്മിക്കുന്നത്.
ചക്ക സൂപ്പ് ചക്ക പൗഡർ വെള്ളത്തിൽ ലയിപ്പിച്ചത്.
ജാക്കിഫൈ ചക്ക ബ്രാൻഡിന്റെ പിറവി
രണ്ട് വർഷം പിന്നിട്ടപ്പോൾ വിയറ്റ്നാം ഏർളിയിൽ ചക്കകൾ കായ്ച്ചു തുടങ്ങി. അൺസീസണിൽ പിടിച്ച ചക്കകൾക്ക് വിപണിയിൽ നല്ല വില കിട്ടി. ഇതിനിടയിൽ ചക്ക കൊണ്ടുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചു. പക്ഷെ ചക്കക്കുരു പാഴാക്കി കളയാൻ സുന്ദരന് മനസ് വന്നില്ല. സങ്കടം കേട്ട സുഹൃത്ത് ഷാജി അമ്പലത്തുംകാല, വയനാട് സ്വദേശിനി പത്മിനി ശിവദാസിന്റെ ട്രെയിനിംഗിനെക്കുറിച്ച് പറഞ്ഞു. അങ്ങനെ പത്മിനി ശിവദാസിന്റെ മൂന്ന് ദിവസത്തെ ക്ലാസിൽ പങ്കെടുക്കാൻ ചാലക്കുടിയിലേക്ക് പോയി. ചക്കയിൽ നിന്നും ആയിരം ഉല്പന്നങ്ങൾ തയ്യാറാക്കാമെന്ന പത്മിനി ശിവദാസിന്റെ വാക്കുകൾ കേട്ട് വല്ലം സുന്ദരൻ അമ്പരന്നു. പിന്നെ അവർ തയ്യാറാക്കി കാണിച്ച ചക്ക വിഭവങ്ങളുടെ സ്വാദ് സുന്ദരന്റെ ഹൃദയം കീഴടക്കി. അവിടെ നിന്നും 30 ചക്ക വിഭവങ്ങളുടെ സ്വാദും നിർമ്മാണ രീതിയും ഹൃദയത്തിൽ സൂക്ഷിച്ച് സുന്ദരൻ നാട്ടിലേക്ക് മടങ്ങി. അങ്ങനെ ജാക്കിഫൈ എന്ന് പേരിട്ട് ചക്ക വിഭവങ്ങളുടെ നിർമ്മാണം ആരംഭിച്ചു.
മേയ് മുതൽ ജൂലായ് വരെയുള്ള നാട്ടിലെ ചക്ക സീസൺ കാലത്ത് കൊല്ലം ജില്ലയിലാകെ സഞ്ചരിച്ച് നല്ല വില കൊടുത്ത് ചക്ക വാങ്ങും. വീട്ടിലെത്തിച്ച് ഡ്രെയർ യന്ത്രത്തിൽ ഉണക്കി സംഭരിക്കും. അൺ സീസൺ കാലത്ത് ഇവ കൊണ്ട് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണയിലെത്തിക്കും.
ഫോൺ: 9495506792, 7907251019.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |