തിരുവനന്തപുരം: കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങൾക്ക് പലിശ തുകയുടെ 5% തിരികെ നൽകുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ. ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘങ്ങൾക്ക് നൽകുന്ന ജനറൽ ബാങ്കിംഗ് ക്യാഷ് ക്രെഡിറ്റ് വായ്പകളുടെ പലിശ 10.25 ശതമാനത്തിൽ നിന്ന് 9.75 ശതമാനമായും ഗോൾഡ് ലോൺ ക്യാഷ് ക്രെഡിറ്റ് വായ്പ പലിശ 9 ശതമാനത്തിൽ നിന്ന് 8.90ശതമാനമായും കുറച്ചു. സംഘങ്ങളുടെയും വ്യക്തികളുടെയും 15ലക്ഷം രൂപക്കു മുകളിലുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 0.5% പലിശ കൂടുതൽ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ബിസിനസ് 19,912കോടി വർദ്ധിച്ച് 1,21,106 കോടിയായി. വായ്പാ ബാക്കിനിൽപ്പ് നിലവിൽ 51,000 കോടിയ്ക്കു മുകളിലെത്തി. ഇതിൽ 27% കാർഷികമേഖലയിലും 12%സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കും 25% പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കുമാണ്.
നിക്ഷേപം 70,763.11 കോടിയായി. നബാർഡ് സഹായത്തോടെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് 467 കോടി വിതരണം ചെയ്തു. അൽസാജ് കൺവെൻഷൻ സെന്ററിൽ ഇന്നലെ നടന്ന പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ സ്വാഗതം പറഞ്ഞു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പു സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ,ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ,ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം,എ.ആർ.രാജേഷ്,എ.അനിൽകുമാർ ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു. അഡ്വ. എസ്. ഷാജഹാൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |