കക്ഷിഭേദമന്യേ അഭിനന്ദനം
തിരുവനന്തപുരം: ഏറ്റുമുട്ടലും തല്ലിത്തകർക്കലും വരെ നടന്നിട്ടുള്ള കേരള നിയമസഭ ഇന്നലെ അഭിമാന നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ചു. സ്വന്തം നാവിൽ നിന്നുണ്ടായ പിഴവ് തിരിച്ചറിഞ്ഞ് പിൻവലിച്ചും ക്ഷമ ചോദിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് പാർലമെന്ററി സമ്പ്രദായത്തിനാകെ മാതൃകയായത്. സ്പീക്കറും കക്ഷി ഭേദമെന്യേ മറ്റു സാമാജികരും പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ചു.
മന്ത്രി ജി.ആർ. അനിൽ പച്ചക്കള്ളം പറയുന്നെന്ന് കഴിഞ്ഞ ദിവസം സതീശൻ നടത്തിയ പരാമർശമാണ് ഇതിനെല്ലാം നിമിത്തമായത്. വ്യാഴാഴ്ച വിലക്കയറ്റത്തിനെതിരെ കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലെ ചർച്ചയിലായിരുന്നു പരാമർശം. പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെ സതീശൻ പ്രകീർത്തിച്ചിരുന്നെന്ന് മന്ത്രി അനിൽ ചൂണ്ടിക്കാട്ടി. എന്നാൽ, താൻ അവിടെ പ്രസംഗിച്ചിട്ടില്ല, വിളക്കുകൊളുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നും സതീശൻ വാദിച്ചു. പ്രസംഗിച്ചതിന്റെ വീഡിയോ ക്ളിപ്പ് കൈവശമുണ്ടെന്നും സതീശന് വേണമെങ്കിൽ ഷെയർ ചെയ്യാമെന്നും മന്ത്രി മറുപടി നൽകി.
ഇന്നലെ മന്ത്രി അനിൽ വിഷയം വീണ്ടും കൊണ്ടുവന്നു. പറവൂരിൽ സതീശൻ പ്രസംഗിക്കുന്നതിന്റെ വീഡിയോ ഹാജരാക്കാമെന്നും അത് സഭാരേഖയിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് കാരണം സഭയിൽ ഉണ്ടായിരുന്നില്ല. അല്പ സമയം കഴിഞ്ഞ് തിരികെ സഭയിലെത്തിയപ്പോഴാണ് സതീശൻ തന്റെ പരാമർശം പിൻവലിച്ച് ക്ഷമ ചോദിച്ചത്. രേഖയിൽ നിന്ന് പരാമർശം നീക്കാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയും ചെയ്തു.
``എന്റെ ഒരു വാക്കും വരുന്ന
തലമുറയ്ക്ക് ദോഷമാവരുത് ``
(പ്രതിപക്ഷ നേതാവ് ഇന്നലെ സഭയിൽ പറഞ്ഞത് )
'ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് ഒരു മിനിറ്റ് സംസാരിച്ചിരുന്നു. സർക്കാരിനെ പ്രകീർത്തിച്ചല്ല, സപ്ലൈകോയുടെ പ്രസക്തിയെക്കുറിച്ചാണ് പറഞ്ഞത്. ഓർമ്മപ്പിശക് സംഭവിച്ചതാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് മന്ത്രിയുടേത് പച്ചക്കള്ളമാണെന്ന് പറഞ്ഞത്. പച്ചക്കള്ളം എന്ന വാക്ക് അൺപാർലമെന്ററിയാണെന്നും വാസ്തവവിരുദ്ധം എന്നേ പറയാവൂ എന്നും മാത്യു.ടി.തോമസ് എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 24 വർഷമായി നിയമസഭാംഗമാണ്. ഒരുവാക്കുപോലും സഭാരേഖയിൽ നിന്ന് നീക്കേണ്ടി വന്നിട്ടില്ല. പച്ചക്കള്ളം എന്ന വാക്ക് സഭാരേഖയിൽ നിന്ന് നീക്കണമെന്ന് സ്പീക്കർക്ക് കത്ത് നൽകി. എന്റെ ഒരു വാക്കുപോലും ഇനി വരുന്ന തലമുറയ്ക്ക് ദോഷമാവരുത്. മന്ത്രിയോടും നിയമസഭയോടും ക്ഷമ ചോദിക്കുന്നു' - സതീശന്റെ വാക്കുകൾ കരഘോഷത്തോടെ സഭ സ്വീകരിച്ചു.
പ്രതിപക്ഷ നേതാവിന്റെ തിരുത്ത് അനുകരണീയ മാതൃകയാണ്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ പറഞ്ഞത് തിരുത്തുകയാണ് പ്രധാനം
-എ.എൻ.ഷംസീർ,
നിയമസഭാ സ്പീക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |