തിരുവനന്തപുരം: നാനൂറ് വർഷത്തിലേറെ പഴക്കമുള്ള തറവാട് വീട് കത്തി നശിച്ചു.തിരുവല്ലം ഇടയാറിൽ നാരകത്തറ ദേവീക്ഷേത്രത്തിനോട് ചേർന്നുള്ള നാരകത്തറ തറവാടാണ് കത്തി നശിച്ചത്.വർഷങ്ങളായി ആൾത്താമസമില്ലാതെ കിടക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 7.30ഓടെയാണ് തീപിടിത്തമുണ്ടായത്.നാട്ടുകാർ അറിയിച്ചതനുസരിച്ച് വിഴിഞ്ഞത്ത് നിന്നും ചാക്കയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും, വലിയ വാഹനങ്ങൾക്ക് ഇടയാർ പാലത്തിൽ പ്രവേശിക്കാനായില്ല. തുടർന്ന് യൂണിറ്റിന്റെ മിനി വാനെത്തിയാണ് തീയണച്ചത്.
തിരുവല്ലം പരശുരാമക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിക്കൂറ കൊണ്ടുപോകുന്ന ക്ഷേത്രമാണ് നാരകത്തറ ദേവീക്ഷേത്രം.ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ വകയാണ് വീട്. തലമുറകളായി കൈമാറി വന്ന വീട്ടിൽ ഒടുവിൽ താമസിച്ചിരുന്ന ബാലചന്ദ്രൻ മറ്റൊരു വീട് നിർമ്മിച്ച് താമസം മാറി.ഇതോടെ ഈ വീട് ക്ഷേത്രത്തിന്റെ കലവറയായി ഉപയോഗിക്കുകയായിരുന്നു.പൂർണമായും തടിയിൽ നിർമ്മിച്ച വീടാണ്.
ഓല മേഞ്ഞ വീട് കുറെനാൾ മുൻപാണ് ഷീറ്റിട്ടത്. തടിയായതിനാൽ തീ പടർന്നുപിടിക്കാൻ കാരണമായതായി ഫയർഫോഴ്സ് സംഘം പറഞ്ഞു.സാമൂഹ്യ വിരുദ്ധർ തീയിട്ടതാണോ, ഷോർട്ട് സർക്യൂട്ടാണോ കാരണമെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |