അടുത്ത വർഷം ആദ്യം ജീത്തു ജോസഫ് , നിതീഷ് സഹദേവ് ചിത്രങ്ങൾ
മലയാള സിനിമയുടെ മെഗാതാരം മമ്മൂട്ടി ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ ഒക്ടോബർ 3 മുതൽ വീണ്ടും അഭിനയിച്ച് തുടങ്ങും. ഹൈദരാബാദാണ് ലൊക്കേഷൻ. ചികിത്സയെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മമ്മൂട്ടി ഒക്ടോബർ 1 ന് ഹൈദരാബാദിലേക്ക് പുറപ്പെടും . മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിക്ക് ഇനി 60 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നതെന്നറിയുന്നു. മമ്മൂട്ടിയോടൊപ്പം മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിവരാണ് പാട്രിയറ്റ് എന്ന് താത് കാലികമായി പേരിട്ട ചിത്രത്തിലെ മറ്റ് താരങ്ങൾ.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബഡ്‌ജറ്റിൽ ആണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. ബോളിവുഡിലെ പ്രശസ്തനായ മനുഷ് നന്ദൻ ക്യാമറ ചലിപ്പിക്കുന്നു. ഹൈദരാബാദിനു പിന്നാലെ ലണ്ടനിലും ചിത്രീകരണമുണ്ട്. അടുത്ത വർഷം ആദ്യം ജീത്തുജോസഫിന്റെയും നിർമ്മൽ സഹദേവിന്റെയും ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിക്കും. മമ്മൂട്ടിയും ജീത്തു ജോസഫും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഹൊറർ ത്രില്ലർ എന്നാണ് സൂചന. മമ്മൂട്ടിയുമായുള്ള ചിത്രത്തെക്കുറിച്ച് ജീത്തുജോസഫ് സ്ഥിരീകരിച്ചു. ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. നിതീഷ് സഹദേവും നടൻ അനുരാജ് ഒ.ബിയും ചേർന്നാണ് രചന. അൻവർ റഷീദ്, ഖാലിദ് റഹ്‌മാൻ എന്നിവരുടെ ചിത്രങ്ങൾ മമ്മൂട്ടിയെ കാത്തിരിക്കുന്നുണ്ട്.അതേസമയം നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |