
ഒരിടവേളയ്ക്കുശേഷം മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കകയാണ്. കഴിഞ്ഞ ദിവസവും അദ്ദേഹം ഒരു ചാനലിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനവേളയിൽ മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ആരോഗ്യം മോശമായ സമയത്തെ അവസ്ഥയെക്കുറിച്ചും മമ്മൂട്ടി പറഞ്ഞു. മലയാളികളുടെ സ്നേഹത്തെക്കുറിച്ചും നടൻ തുറന്നുപറഞ്ഞു.
'അടുത്തിടെ എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇടവേളയെടുത്തിരുന്നു. നമ്മുടെ മുലധനമെന്ന് പറയുന്നത് മനുഷ്യരുടെ സ്‌നേഹവും പരിചരണമൊക്കെയാണ്. ഇതെല്ലാം ലോകത്തിന് മുന്നിൽ നമ്മൾ തെളിയിച്ചിട്ടുള്ളതാണ്. ആ അനുഭവം തന്നെയാണ് എനിക്കുമുണ്ടായത്. എനിക്കുവേണ്ടി പള്ളിയിൽ മെഴുകുതിരി കൊളുത്താത്ത, ദുആ ചെയ്യാത്ത, ക്ഷേത്രത്തിൽ പോകാത്ത മലയാളികളില്ല. അതിൽ എനിക്ക് പരിപൂർണ ബോദ്ധ്യമുണ്ട്. എന്നെക്കുറിച്ച് ഒരുപാട് ആരോപണങ്ങളുണ്ട്. ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ക്ഷിപ്രകോപിയാണ് എന്നൊക്കെ. ഇങ്ങനെ പറഞ്ഞവരെല്ലാം എനിക്കുവേണ്ടി പ്രാർത്ഥിച്ചു. വളരെ സന്തോഷമുള്ള അവസ്ഥയാണ്'- മമ്മൂട്ടി പറഞ്ഞു.
തനിക്ക് മമ്മൂട്ടിയെന്ന് പേരുവന്നതിനെക്കുറിച്ചും നടൻ ചിലകാര്യങ്ങൾ പറയുകയുണ്ടായി. 'മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ആണ് സംഭവം. മുഹമ്മദ് കുട്ടി എന്ന പേര് എനിക്ക് അപരിഷ്‌കൃതമായി തോന്നി. വലിയ പരിചയമില്ലാത്ത സുഹൃത്തുക്കളോട് പേരെന്താണ് എന്ന് ചോദിക്കുമ്പോള്‍ ഒമര്‍ ഷെരീഫ് എന്ന് പറഞ്ഞിരുന്നു. ഒമറേ എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ കൂട്ടുകാരുമായി നടക്കുമ്പോള്‍ പോക്കറ്റില്‍ നിന്ന് എന്റെ ഐഡന്റീറ്റി കാര്‍ഡ് താഴെ വീണു. അത് ഒരു കൂട്ടുകാരന്‍ എടുത്ത് നോക്കിയിട്ട് നിന്റെ പേര് ഒമര്‍ എന്ന് അല്ലല്ലോ മമ്മൂട്ടി എന്നല്ലേ? അന്ന് മുതലാണ് സുഹൃത്തുക്കളുടെ ഇടയിലും ഇപ്പോള്‍ നിങ്ങള്‍ക്ക് ഇടയിലും മമ്മൂട്ടി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. പലരും ചോദിച്ചു ആരാണ് ആ പേരിട്ടതെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്ന് അവരാണ് പേരിട്ടത് എന്ന് പറഞ്ഞു. പക്ഷേ എനിക്ക് അറിയുന്നത് എടവനക്കാട് സ്വദേശി ശശിധരന്‍ ആണ്. ഇത്രയും കാലം ഒളിച്ച് വച്ചിരിക്കുകയായിരുന്നുവെങ്കിലും നാലാളുടെ മുന്നില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു'- മമ്മൂട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |