വാഷിംഗ്ടൺ: ഇറാനിൽ ഇന്ത്യയുടെ നിയന്ത്റണത്തിലുള്ള തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന് നൽകിയിരുന്ന ഉപരോധ ഇളവുകൾ പിൻവലിച്ച് യു.എസ്. നടപടി ഈ മാസം 29ന് പ്രാബല്യത്തിൽ വരും. ഇറാന് മേലുള്ള ഉപരോധങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
തുറമുഖത്തിന്റെ നിയന്ത്രണവും വികസനവും അടുത്ത പത്തു വർഷത്തേക്ക് ഇന്ത്യയ്ക്ക് നൽകുന്ന കരാറിൽ കഴിഞ്ഞ വർഷം ഇറാൻ ഒപ്പിട്ടിരുന്നു. അഫ്ഗാനിലേക്കും മദ്ധ്യേഷ്യയിലേക്കുമുള്ള ചരക്കു നീക്കത്തിന്റെ പ്രധാന ഹബ്ബായി ചബഹാർ മാറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതുവഴി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അനന്തമായ മാർക്കറ്റും തുറക്കും. യു.എസ് ഇളവുകൾ പിൻവലിക്കുന്നത് ഇവിടുത്തെ ഇന്ത്യയുടെ വികസന പദ്ധതികൾക്ക് തിരിച്ചടിയായേക്കും.
2018ലാണ് തുറമുഖത്തിന്റെ ഭാഗിക വികസനം ഇന്ത്യയുടെ കൈകളിലെത്തിയത്. അഫ്ഗാനിസ്ഥാനെയും ചബഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാത അടക്കം 550 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇന്ത്യ ഇവിടെ നടത്തിയിട്ടുണ്ട്. ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡാണ് തുറമുഖം നിയന്ത്രിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |