ബീജിംഗ്: പൊതുയിടങ്ങളിലെ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാൻ കാത്തുനിൽക്കുന്നത് സാധാരണമാണ്. എന്നാൽ ടോയ്‌ലെറ്റിനുളളിൽ കയറി ഒരു ടോയ്‌ലെറ്റ് പേപ്പറിനായി കാത്തുനിൽക്കുകയെന്നത് കുറച്ച് പ്രയാസം നിറഞ്ഞ കാര്യമാണ്. അടുത്തിടെ ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ചൈനയിൽ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടോയ്‌ലെറ്റിനുളളിൽ പേപ്പറിനായി ഒരു യുവതി ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ടോയ്‌ലെറ്റിൽ സജീകരിച്ചിരിക്കുന്ന പേപ്പർ എടുക്കണമെങ്കിൽ ഒരു പരസ്യം കാണേണ്ടതുണ്ട്. പരസ്യം കാണാൻ താൽപര്യമില്ലെങ്കിൽ 0.5 യുവാൻ (ആറ് രൂപ) നൽകേണ്ടതുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചൈനയിലെ അധികൃതർ ചില വിശദീകരണങ്ങളും നൽകിയിട്ടുണ്ട്. സൗജന്യമായി ലഭിക്കുന്ന പേപ്പറുകൾ ചിലർ അമിതമായി ഉപയോഗിക്കുന്നുവെന്നും മലിനീകരണം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പറഞ്ഞത്.
സംഭവത്തിന് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചൈനയിലേക്കുളള യാത്രകളിൽ സ്വന്തമായി ടിഷ്യൂ പേപ്പർ കരുതുന്നത് ഈ പ്രശ്നം കൊണ്ടാണെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ടിഷ്യൂ പേപ്പറിനായി ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നത് വ്യത്യസ്ത അനുഭവമാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
പല വേറിട്ട നടപടികളും ചൈന ഇതിനുമുൻപും നടപ്പിലാക്കിയിട്ടുണ്ട്, 2017ൽ ബീജിംഗിലെ ടെമ്പിൾ ഒഫ് ഹെവൻ പാർക്കിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രത്യേക ടോയ്‌ലെറ്റ് ഡിസ്‌പെൻസറുകൾ സ്ഥാപിച്ചിരുന്നു. ആളുകൾ ടോയ്‌ലെറ്റ് പേപ്പർ അമിതമായി ഉപയോഗിക്കുന്നത് തടയാനായിരുന്നു ഇത്. നിശ്ചിത അളവിൽ ടോയ്‌ലെറ്റ് പേപ്പർ ഉപയോഗിക്കാൻ എല്ലാവർക്കും അനുമതിയുണ്ടായിരുന്നു. അതിനാൽ ആരെങ്കിലും നിശ്ചിത അളവിൽ കൂടുതൽ പേപ്പർ ആവശ്യപ്പെട്ടാൽ ഒമ്പത് മിനിട്ട് കാത്തിരിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |