കൊച്ചി : ദേശീയ പാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകൾ പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 24 മണിക്കൂറും ടോയ്‌ലെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി. പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റ് ഉപയോഗം സംബന്ധിച്ച് പമ്പ് ഉടമകൾ നൽകിയ അപ്പിലീലിലാണ് ഉത്തരവ്. പമ്പുകളിലെ ടോയ്ലെറ്റ് പൊതുജനങ്ങൾക്കും സാധാരണക്കാർക്കും ഉപയോഗിക്കാൻ അനുവദിക്കണമെന്ന ഉത്തരവായിരുന്നു സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്. ദേശീയ പാതയോരത്ത് ടോയ്ലെറ്റുകൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദ്ദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. ഇതിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടത്. പമ്പുകളുടെ പ്രവൃത്തി സമയത്തിന് അനുസരിച്ച് മാത്രം ടോയ്ലെറ്റുകൾ അനുവദിച്ചാൽ മതി എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി കോടതിയിൽ കേസ് നടക്കുകയാണ്.. ആദ്യഘട്ടത്തിൽ പമ്പിലെ ടോയിലെറ്റുകൾ ഉപയോഗിക്കാനുള്ള സൗകര്യം പമ്പിലെത്തുന്ന ഉപയോക്താക്കൾക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഈ ഉത്തരവിൽ കോടതി ഭേദഗതി കൊണ്ടുവന്നു. എല്ലാ യാത്രികർക്കും ശുചിമുറികൾ തുറന്നു നൽകണം എന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതിനെതിരെ പമ്പുടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |