ന്യൂഡൽഹി: അവിശ്വസനീയമായ ആകാശകാഴ്‌ചയ്ക്ക് സാക്ഷ്യംവഹിച്ച് രാജ്യതലസ്ഥാനം. ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിൽ അപൂർവ ഉൽക്ക പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഉൽക്ക പൊട്ടിത്തെറിക്കുന്നതുപോലെയുള്ള കാഴ്‌ചയാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഡൽഹി, നോയിഡ, ഗസിയാബാദ്, ഗുഡ്ഗാവ്, അലിഗഡ് തുടങ്ങി നിരവധി നഗരങ്ങളിൽ ഇത് ദൃശ്യമായിരുന്നു. ഒരു തീജ്വാല ആകാശത്തുകൂടി അതിവേഗം സഞ്ചരിക്കുകയും ശേഷം അനേകം കഷ്ണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യമായത്. ഉൽക്ക വിസ്‌ഫോടനമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചശേഷം തീവ്രമായ ഘർഷണവും ചൂടുംമൂലം പൊട്ടിത്തെറിക്കുന്ന ഒരു തരം ഉൽക്കയായ 'ബോലൈഡ്' ആയിരിക്കാം പ്രത്യക്ഷപ്പെട്ടതെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധർ പറയുന്നത്. ഉൽക്കകൾ അസാധാരണമല്ലെങ്കിലും, ഇത്രയും പേർക്ക് ദൃശ്യമാകുന്ന തരത്തിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. മിക്ക ഉൽക്കകളും ഭൂമിയിൽ എത്തുന്നതിനുമുമ്പുതന്നെ പൊട്ടിത്തെറിക്കുന്നതിനാൽ ഇതുസംബന്ധിച്ച അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഉൽക്ക പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നേരിയ മുഴക്കം കേട്ടതായി ചിലർ അവകാശപ്പെട്ടു.
സെപ്തംബർ മാസം ചെറിയ വലിപ്പമുള്ള ഉൽക്കാവർഷങ്ങൾക്ക് സാദ്ധ്യതയുള്ള സമയമാണെന്ന് അമേരിക്കൻ മെറ്റിയർ സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട അഗ്നിഗോളങ്ങൾ പോലുള്ള ഉൽക്കകൾ ആണ് കാണാൻ സാധിക്കുക. ബഹിരാകാശത്ത് ഒരു വലിയ പാറ അതിശയകരമായി കത്തുന്നതിന്റെ സൂചനയാണ് ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട ഉൽക്കയെന്നും ജ്യോതിശാസ്ത്ര വിദഗ്ധർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |