തിരുവനന്തപുരം: അന്യർക്ക് ഗുണം ചെയ്യാൻ ആയുസും വപുസും ബലിയർപ്പിച്ച വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ഇന്ന് ലോകമെങ്ങും ആചരിക്കും. മഹാസമാധി സ്ഥാനമായ വർക്കല ശിവഗിരിക്കുന്നിലും ഗുരുദേവന്റെ ജന്മം കൊണ്ടു പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിലും അനുബന്ധ മഠങ്ങളിലും ലോകമെമ്പാടുമുള്ള ഗുരുദേവ ക്ഷേത്രങ്ങളിലും സമൂഹ പ്രാർത്ഥനയും പ്രത്യേക പൂജകളും നടക്കും.
ശിവഗിരിയിൽ രാവിലെ 10ന് നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം ആപ്തലോകാനന്ദ സ്വാമിജി മഹാരാജ് (ശ്രീരാമകൃഷ്ണമഠം, പത്തനംതിട്ട) ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണവും വി.എം.സുധീരൻ മുഖ്യപ്രഭാഷണവും നടത്തും. പരമാത്മാനന്ദഗിരി മഹാസമാധി സന്ദേശം നൽകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും സ്വാമി അസംഗാനന്ദ ഗിരി നന്ദിയും പറയും. ഉച്ചയ്ക്ക് 2ന് ശാരദാമഠത്തിൽ സന്യാസ ശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഹോമയജ്ഞം, മഹാസമാധി സമയമായ 3.30ന് മഹാസമാധി പൂജ.
ചെമ്പഴന്തി വയൽവാരം വീട്ടിൽ നടക്കുന്ന മഹാസമാധി ദിനാചരണ സമ്മേളനം 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്വാമി സത്യാനന്ദ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എം.എം.ഹസൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |