നിറയൊഴിച്ച കെട്ടിട ഉടമ അറസ്റ്റിൽ കഫേ ഉടമയും സുഹൃത്തും രക്ഷപ്പെട്ടു
കൊച്ചി: വാടകയെ ചൊല്ലിയുള്ള തർക്കത്തിനിടെ കഫേ നടത്തിപ്പുകാരന് നേരെ രണ്ട് റൗണ്ട് നിറയൊഴിച്ച് കെട്ടിട ഉടമ. ക്ലോസ് റേഞ്ചിലായിരുന്നെങ്കിലും ഉന്നം പിഴച്ചു. കഫേ നടത്തിപ്പുകാരനായ കാസർകോട് സ്വദേശിയും സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിയും അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടഉടമ എറണാകുളം ഗാന്ധിനഗർ സ്വദേശി പ്രസാദിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11ന് കടവന്ത്ര ജംഗ്ഷന് സമീപമായിരുന്നു നാടകീയ സംഭവങ്ങൾ.
ആറ് മാസം മുമ്പാണ് പ്രസാദിന്റെ കെട്ടിടം കാസർകോട് സ്വദേശി വാടകയ്‌ക്കെടുത്തത്. നല്ലനിലയിൽ കഫേ തുറന്നെങ്കിലും കാര്യമായ കച്ചവടം ഉണ്ടായില്ല. രണ്ടുവട്ടം വാടക മുടങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി വാടക വാങ്ങുകയായിരുന്നു. ഈ മാസവും വാടക വൈകിയതാണ് വെടിവയ്പ്പിൽ കലാശിച്ചത്.
രാത്രി 11ഓടെ കഫേയിൽ പ്രദീപ് എത്തിയപ്പോൾ മൂവാറ്റുപുഴ സ്വദേശിയും ഉണ്ടായിരുന്നു. കൂട്ടുകാരന് നേരെ കൈയേറ്റത്തിന് മുതിർന്നത് ഇയാൾ തടഞ്ഞപ്പോൾ പ്രസാദ് എയർ പിസ്റ്റളിൽ നിന്ന് നിറയൊഴിക്കുകയായിരുന്നു. ഇരുവരും കഫേയിൽ നിന്ന് ഓടി രക്ഷപ്പെട്ട് പൊലീസിനെ വിളിച്ചു.
സിനിമയിലൊക്കെയാണ് ഈ വിധം വെടിവയ്പ്പൊക്കെ കണ്ടിട്ടുള്ളത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മദ്യലഹരിയിലായിരുന്നു കെട്ടിട ഉടമ. ഒന്നിലധികം തവണ നിറയൊഴിച്ചു. വെടികൊള്ളാത്തവിധം ഒളിച്ചിരുന്നു. പിന്നീട് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു
മൂവാറ്റുപുഴ സ്വദേശി
സൗത്ത് പൊലീസ് കഫേ പരിശോധിച്ചു. ഉടമയെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒളിപ്പിച്ചുവച്ച പിസ്റ്റൾ പിന്നീട് പ്രസാദിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. യഥാർത്ഥ തോക്കിനോട് കിടപിടിക്കുന്നതായിരുന്നു എയർ പിസ്റ്റൾ. ലൈസൻസ് വേണ്ടാത്ത ഇവ കൊച്ചിയിൽ നിന്നാണ് പ്രതി വാങ്ങിയത്. ക്ലോസ് റേഞ്ചിൽ വെടികൊണ്ടിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |