യുകെയും ഓസ്‌ട്രേലിയയും പോർച്ചുഗലുമടക്കം പത്ത് രാജ്യങ്ങൾ പാലസ്‌തീനെ രാജ്യമായി അംഗീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ ഈ തീരുമാനത്തിൽ അനിഷ്‌ടം പ്രകടിപ്പിച്ചും ജോർദാൻ നദിയ്‌ക്ക് പടിഞ്ഞാറ് ഇനി പാലസ്‌തീൻ എന്നൊരു രാജ്യമുണ്ടാകില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കാൻ കരയുദ്ധം ആരംഭിച്ചത് ദിവസങ്ങൾ മുൻപ് മാത്രമാണ്. അതിനുമുന്നോടിയായി ഗാസയിലെ വലുപ്പമേറിയ കെട്ടിടങ്ങൾ ഓരോന്നായി അവർ തകർത്തു. ഇതുവരെ 65,000 സാധാരണക്കാരായ പാലസ്‌തീൻ പൗരന്മാരാണ് മരിച്ചത്. ഇതിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ഹമാസിനെ നിരായുധരാക്കുമെന്ന് പ്രഖ്യാപനം
ഗാസയിൽ കരവഴിയുള്ള ആക്രമണം ആരംഭിക്കും മുൻപ് ഹമാസിനെ നിരായുധരാക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. അവരുടെ ഫണ്ടിംഗും അടിസ്ഥാന സൗകര്യവുമെല്ലാം തകർക്കുമെന്നായിരുന്നു ഇസ്രയേലി ഭരണകൂടത്തിന്റെ വാദം. ഇതിന്റെ ഭാഗമായി ഗാസയിലെ കെട്ടിടങ്ങളെല്ലാം തകർക്കപ്പെട്ടു. ഇപ്പോൾ ജനങ്ങൾ സൈന്യം കാട്ടിത്തന്ന വഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന കാഴ്‌ചയാണ് അവിടെ.
'ഒരുഘട്ടത്തിൽ ഹമാസിന് അടിയറവ് പറയേണ്ടിവരും. ചർച്ചകളിലൂടെ അത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ നിർഭാഗ്യവശാൽ സമയം തീർന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു.' ഹമാസിനെ തുരത്തുന്നതിനെ കുറിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയിൽ കാറ്റ്‌സിന്റെ പ്രതീക്ഷ ഇങ്ങനെയാണ്. ഗാസയിൽ ഇന്നുവരെ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് പേരിൽ വളരെ കുറച്ചുപേർ മാത്രമാണ് ഹമാസിന് വേണ്ടി പ്രവർത്തിക്കുന്നവർ. ബാക്കി ജീവൻ നഷ്‌ടമായത് സാധാരണക്കാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കുമാണ്.
ഹമാസിന്റേത് ശക്തമായ ശൃംഖല
ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ ചരിത്രം പഠിച്ചവർ പറയുന്നതനുസരിച്ച് ഇസ്രയേലിന് ഹമാസ് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളെ തുടച്ചുനീക്കുക വലിയ പ്രയാസമാണ്. കാരണം വ്യോമാക്രമണം, കരവഴിയുള്ള ആക്രമണം, പ്രധാന കമാൻഡർമാരെ ഇല്ലായ്‌മ ചെയ്യുന്ന ലക്ഷ്യം വച്ചുള്ള ആക്രമണം, തുരങ്കങ്ങൾ തകർക്കുക ഇവയെല്ലാമാണ് അവർക്ക് ചെയ്യാനാകുക. ഹമാസ് ഉണ്ടാക്കിയ വിപുലമായ നെറ്റ്‌വർക്ക് പൂർണമായും ഇതിലൂടെ തകരുന്നില്ല. കാരണം തീർത്തും നഗരാന്തരീക്ഷത്തിലാണ് ഹമാസ് അവരുടെ പ്രവർത്തനം നടത്തുന്നത്.അതിലെ അംഗങ്ങൾ സാധാരണ ആളുകൾക്കിടയിൽ താമസിക്കുകയാണ്. അതിനാൽ ഹമാസിന്റെ നാശം പ്രയാസകരമാണ്.
'ഗാസ മെട്രോ'
'ഗാസ മെട്രോ' എന്ന് പരിഹാസ പേരോടെ വിളിക്കുന്ന ഭൂഗർഭ തുരങ്കങ്ങൾ അവർക്കുണ്ട്. ഇവിടെ ശക്തമായ ആയുധങ്ങളും ആയുധപ്പുരകളും സൂക്ഷിച്ചിട്ടുണ്ട്. ചിന്തിക്കാൻ പോലും കഴിയാത്ത നാശനഷ്‌ടവും ആൾനാശവും വരുത്തിയാൽ മാത്രമേ ഈ സംവിധാനങ്ങളെ ഇസ്രയേലിന് തകർക്കാൻ കഴിയൂ.
ഹമാസിന്റെ ആരംഭം
1987ൽ ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ അഹമ്മദ് യാസീനെന്ന മതപണ്ഡിതനാണ് ഹമാസ് സ്ഥാപിച്ചത്. തൊണ്ണൂറുകളിൽ പാലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷനും യാസർ അറാഫത്തിന്റെ ഫത്താ പാർട്ടിയും ഇസ്രയേൽ-പാലസ്‌തീൻ പ്രശ്‌നങ്ങൾക്ക് പരിഹാരമായുള്ള ദ്വിരാഷ്‌ട്ര വാദം അംഗീകരിച്ചെങ്കിലും അതല്ലാതെ സായുധപോരാട്ടവുമായി മുന്നോട്ടുപോയവരാണ് ഹമാസ്. 2006ൽ പാലസ്‌തീൻ ലജിസ്‌ളേറ്റീവ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതുമുതൽ പാലസ്‌തീൻ രാജ്യത്തിനായി ഏറ്റുമുട്ടൽ നടത്തുകയാണ് സംഘടന. ഇതിനെതിരെ ശക്തിയോടെ തിരിച്ചടിക്കുന്നുണ്ട് ഇസ്രയേൽ. എന്നാൽ ഗാസയിലടക്കം നടത്തുന്ന ആക്രമണങ്ങൾ നിർത്താൻ ഇസ്രയേലിന് അന്താരാഷ്‌ട്ര സമ്മർദ്ദം ഏറെയുണ്ട്.
മനുഷ്യകൂട്ടക്കുരുതി ആരോപണം യുഎന്നിൽ നിന്നും നേരിടുന്നവരാണ് ഇസ്രയേൽ ഭരണകൂടം. ഐക്യരാഷ്‌ട്ര സഭ മാത്രമല്ല യൂറോപ്യൻ യൂണിയൻ, അവരുടെ സഖ്യരാജ്യങ്ങൾ, എന്തിന് സഹായമായി ഒപ്പമുള്ള അമേരിക്ക വരെ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്നു. പതിറ്റാണ്ടുകൾ നീണ്ട പ്രശ്‌നത്തിന് മനുഷ്യ കൂട്ടക്കുരുതിയല്ലാതെ പ്രതിവിധി കാണണം എന്ന് ലോകമാകെ ആവശ്യപ്പെടുന്നുണ്ട് ഇസ്രയേലിനോട്. ജർമ്മനി, ഫ്രാൻസ്, യുകെ, പോർച്ചുഗൽ, ബെൽജിയം, ഓസ്‌ട്രേലിയയടക്കം പല രാജ്യങ്ങളും ഇതിനായി ദ്വിരാഷ്‌ട്രവാദമനുസരിച്ചുള്ള പാലസ്‌തീനെ അംഗീകരിച്ചുകഴിഞ്ഞു.
സ്വന്തം ജനങ്ങളും എതിര്
രാജ്യങ്ങൾ മാത്രമല്ല സ്വന്തം ജനതയും ഇസ്രയേൽ ഭരണകൂടത്തോട് യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. തടവിലാക്കപ്പെട്ടവരുടെ മോചനവും അവർ ആവശ്യപ്പെടുന്നു. ഇതിനായി രാജ്യതലസ്ഥാനമായ ടെൽ അവീവ്, ഹൈഫ, ജെറുസലേം എന്നീ നഗരങ്ങളിൽ പ്രകടനങ്ങളും നടന്നു. ഗവേഷകർ കണക്കുകൂട്ടുന്നത് പ്രകാരം ഇരുവിഭാഗങ്ങളും പോരാട്ടം ആരംഭിച്ച ശേഷം 65,000ത്തോളം പേർ മരിച്ചു. ഇതിൽ ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്. ഈ വിവരം പങ്കുവച്ച് വലിയതോതിൽ ഹമാസിന് ആളെ ചേർക്കാൻ സാധിക്കുന്നുണ്ട്. ഇവർ മരണം വരെ പോരാട്ടം എന്ന നയം സ്വീകരിച്ച് ഏറ്റുമുട്ടലിനെത്തുന്നതായതിനാൽ ജനങ്ങളെ ഇല്ലാതാക്കി ഗാസയിലടക്കം വിജയം നേടാൻ ഇസ്രയേലിന് കഴിയുന്ന കാര്യം ബുദ്ധിമുട്ടാണ് എന്നുതന്നെയാണ് അന്താരാഷ്‌ട്ര വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |