ടെൽ അവീവ്: ലേസർ വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്ത് ഇസ്രയേൽ. 'അയൺ ബീം' എന്നാണ് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനത്തിന് നൽകിയിരിക്കുന്ന പേര്. രാജ്യത്തിന് നേരെ വരുന്ന ഭീഷണികളെ പ്രതിരോധിക്കാൻ വിലയേറിയ മിസൈലുകൾ ഉപയോഗിക്കുന്നതായിരുന്നു പരമ്പരാഗത രീതി. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയാണിത്. ശത്രുക്കളുടെ റോക്കറ്റുകൾ, ഡ്രോണുകൾ അടക്കമുള്ളവയെ നിർവീര്യമാക്കാൻ അയൺ ബീമിന് സാധിക്കുമെന്നാണ് ഇസ്രയേൽ പറയുന്നത്.
ലോകത്ത് തന്നെ ആദ്യമായാണ് യുദ്ധ രംഗത്ത് ലേസർ എയർ ഡിഫൻസ് സിസ്റ്റം ഉപയോഗിക്കുന്നത്. ഇസ്രായേലിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ ആർ ആൻഡ് ഡി യൂണിറ്റ് (DDR&D), ഇസ്രായേലി വ്യോമസേന, റാഫേൽ, എൽബിറ്റ് സിസ്റ്റംസ് എന്നിവയുടെ സഹകരണത്തിലൂടെയാണ് ഈ നൂതന സംവിധാനം ഇസ്രയേൽ വികസിപ്പിച്ചെടുത്തത്.
താരതമ്യേനെ ചെലവ് വളരെ കുറവാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരമ്പരാഗത മിസൈൽ സംവിധാനങ്ങൾക്ക് 60,000 ഡോളറിന് മുകളിലായിരുന്നു ചെലവ്. എന്നാൽ ഇതിന് ഷോട്ടിന് വെറും രണ്ട് ഡോളർ മാത്രമാണ് ചെലവ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. അയൺ ബീം ഉപയോഗിക്കുകയും അത് ഉപയോഗിച്ചിട്ടുള്ള പ്രതിരോധം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ശത്രുക്കളുടെ റോക്കറ്റുകളടക്കമുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് അവ നിഷ്പ്രഭമാക്കുമെന്നാണ് ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |