വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടവിള-ഒലിപ്പുവിളാകം തുരുത്തി റോഡിന് ഒടുവിൽ ശാപമോക്ഷമായി. വർഷങ്ങളായി റോഡ് തകർന്ന് ശോചനീയാവസ്ഥയിലായിട്ടും ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയായിരുന്നു. സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഗട്ടറുകൾ നിറഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായിരുന്നു. സ്വകാര്യവാഹനങ്ങൾ ഓട്ടം വിളിച്ചാൽപോലും വരാൻ വിമുഖതകാട്ടുന്ന അവസ്ഥയും സംജാതമായി. മാത്രമല്ല, കാൽനടയാത്രയും അസാദ്ധ്യമായിരുന്നു. മഴക്കാലത്ത് റോഡ് ഏറെ തകർച്ചയിലാകും. റോഡിൽ അപകടങ്ങളും പതിവാണ്. ബൈക്കപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിയിട്ടുണ്ട്. റോഡിന് വേണ്ടത്ര വീതിയുമില്ല. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരുന്നു. എം.പി.ക്കും എം.എൽ.എക്കും നിരവധി തവണ നിവേദനം നൽകിയിട്ടുണ്ട്.സമരങ്ങളും അരങ്ങേറി.
വാർത്ത ഫലം കണ്ടു
വർഷങ്ങൾക്കു മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും യാഥാർത്ഥ്യമായില്ല. റോഡിന്റെ ശോച്യാവസ്ഥയും, അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേവൻപാറ വാർഡ് മെമ്പറും തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ അനുതോമസും പരാതികൾ നൽകി. തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ റോഡ് സന്ദർശിക്കുകയും അടിയന്തരമായി ഫണ്ട് അനുവദിക്കുകയുമായിരുന്നു.
ഉദ്ഘാടനം നടത്തി
തോട്ടവിള ഒലിപ്പുവിളാകം തുരുത്തി റോഡിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനുതോമസ്,തോട്ടുമുക്ക് അൻസർ, പനയ്ക്കോട് വാർഡ് മെമ്പർ സന്ധ്യ, പുളിമൂട് വാർഡ്മെമ്പർ അശോകൻ, ചെട്ടിയാംപാറ വാർഡ്മെമ്പർ പ്രതാപൻ, സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ, സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, തൊളിക്കോട് ലോക്കൽ സെക്രട്ടറി ഷെമീം എന്നിവർ പങ്കെടുത്തു.
നന്ദി രേഖപ്പെടുത്തി
തോട്ടവിള ഒലിപ്പുവിളാകം റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ച ജി.സ്റ്റീഫൻ എം.എൽ.എയ്ക്ക് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |