ജില്ലയിൽ ആദ്യം ഘട്ടം തൊടുപുഴയിൽ
തൊടുപുഴ: അജൈവ- ഇലക്ട്രോണിക് മാലിന്യങ്ങൾ പൊല്ലാപ്പാകുന്നവർക്ക് ആശ്വാസമായി ജില്ലയിൽ ഇക്കോബാങ്ക് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. തൊടുപുഴ മണക്കാട് ക്ലീൻ കേരള കമ്പനി ഗോഡൗൺ കേന്ദ്രീകരിച്ചാണ് ശേഖരണം ആരംഭിക്കുന്നത്. അജൈവമാലിന്യങ്ങൾ ജനങ്ങൾക്ക് ബാദ്ധ്യതയാക്കാതിരിക്കാനായി സർക്കാർ ഗ്രീൻ കേരള കമ്പനിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഇക്കോ ബാങ്ക് പദ്ധതിയാണിത്. പുനരുപയോഗിക്കാൻ കഴിയുന്ന കാർഡ് ബോർഡ് അടക്കമുള്ള അജൈവമാലിന്യങ്ങൾ ഇക്കോ ബാങ്കിൽ എത്തിച്ചു നൽകുന്നവർക്ക് നിശ്ചിത തുകയും നൽകും. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങൾ കിലോയ്ക്ക് 10 രൂപ നിശ്ചയിച്ചായിരിക്കും കമ്പനി ജനങ്ങളിൽ നിന്ന് വാങ്ങുന്നത്. ഇതിന്റെ വില വിവരപട്ടിക ശേഖരണം നടക്കുന്ന ഗോഡൗണിൽ പ്രദർശിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ഗൃഹപ്രവേശം, വിവാഹം, നിർമ്മാണ പ്രവർത്തനങ്ങൾ, നവീകരണം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ പാഴ് വസ്തുക്കൾ നേരിട്ട് ഇവിടെ നൽകാം. ഗ്രീൻ കേരള കമ്പനിയുടെ സ്ഥലത്താണ് ഇക്കോ ബാങ്കുകളുടെ പ്രവർത്തനം. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഇക്കോ ബാങ്ക് പ്രവർത്തിക്കും. ഇതിനായി നാല് ജീവനക്കാരും സജ്ജമാണ്. ആദ്യഘട്ടമായി ജില്ലയിൽ ഒരു കേന്ദ്രമാണ് തുറക്കുക. പിന്നീട് ആവശ്യകതയനുസരിച്ച് ഹൈറേഞ്ച് മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലും ഇക്കോ ബാങ്ക് ആരംഭിക്കും. ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ച് സംസ്‌കരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ക്ലീൻ കേരള കമ്പനിയായിരിക്കും.
പുതിയ കേന്ദ്രം നിലവിലുള്ള ശേഖരണത്തിന് പുറമേ
നിലവിൽ ഹരിത കർമ്മ സേനകൾ വഴി എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യങ്ങളും നഗരസഭകൾ വഴി ഇലക്ട്രോണിക് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇക്കോ ബാങ്കിന്റെ പ്രവർത്തനം. നിലവിൽ നടക്കുന്ന ശേഖരണം ആഴ്ചയിലോ മാസത്തിലോ എന്ന രീതിയിലായതിനാൽ അധിക ദിവസം സൂക്ഷിക്കുകയെന്നത് പലർക്കും ബാദ്ധ്യതയായി മാറി. ഇക്കോ ബാങ്ക് ഇതിന് പരിഹാരമാവുകയാണ്.
ഇവയൊഴികെ എന്തും സ്വീകരിക്കും
ഭക്ഷണ, മെഡിക്കൽ, സാനിറ്ററി മാലിന്യങ്ങൾ, അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ, ജൈവാംശമുള്ള മാലിന്യം എന്നിവ ഒഴിച്ച് മറ്റെല്ലാതരം അജൈവ മാലിന്യങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്വീകരിക്കും.
ഇക്കോ ബാങ്ക് നമ്പർ: 7558081122. 04862 - 220 340
''ഇക്കോ ബാങ്ക് ഒക്ടോബർ മുതൽ പൂർണമായും പ്രവർത്തന സഞ്ജമാകും. ഇതിന് മുന്നോടിയായി ഗോഡൗൺ തയ്യാറാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ് "" -അനൂപ് ജോൺസൺ (ജില്ലാ മാനേജർ, ഗ്രീൻ കേരള കമ്പനി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |