കൊച്ചി: പ്രായപൂർത്തിയാകും മുമ്പ് ചെയ്ത കുറ്റകൃത്യത്തിന്റെ വിവരങ്ങൾ തൊഴിലവസരത്തിന് തടസമാകരുതെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ,പഴയ കേസ് വിവരം രേഖകളിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും പൊലീസിന്റെയും ആർക്കൈവുകളിൽ പേരു വിവരം തുടരുന്നതിൽ ആശങ്ക അറിയിച്ച്, ബാങ്ക് ജോലിക്കു ശ്രമിക്കുന്നയാൾ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ശോഭ അന്നമ്മ കോശിയുടെ ഉത്തരവ്. കുട്ടികൾ പ്രതികളായ കേസുകളുടെ മുൻകാല രേഖകൾ പ്രത്യേക സാഹചര്യങ്ങളിലൊഴികെ നീക്കം ചെയ്യണമെന്ന് ബാലനീതി നിയമം 3(14), 24 വകുപ്പുകൾ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
18 തികയും മുമ്പുള്ള കേസ് ഒത്തുതീർപ്പാക്കി വിട്ടയച്ചിട്ടും രേഖകളിൽ പേരു വിവരങ്ങൾ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയിലെത്തിയത്. വിവരങ്ങൾ നീക്കം ചെയ്യാൻ പ്രിൻസിപ്പൽ മജിസ്‌ട്രേട്ട്, രജിസ്ട്രിക്കു നിർദ്ദേശം നൽകിയെങ്കിലും പൊലീസിന്റെ ഡിജിറ്റൽ ഡേറ്റാ ബേസിൽ അവ തുടരുകയായിരുന്നു.ശിക്ഷിച്ചാൽ പോലും അതിന്റെ ദുഷ്‌പേര് കുട്ടിയുടെ ഭാവിയെ ബാധിക്കരുതെന്നും, പരിവർത്തനമാണ് നിയമത്തിൽ ലക്ഷ്യമിടുന്നതെന്നും സുപ്രീം കോടതിയുടെ വിധിയുണ്ട്. ഈ സാഹചര്യത്തിൽ ഹർജി അനുവദിച്ച കോടതി, ഭാവിയിൽ ഹർജിക്കാരന്റെ ജുവനൈൽ കേസ് വിവരങ്ങൾ വെളിപ്പെടുത്തുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |