റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ഉല്‍പ്പാദനക്ഷമതാ ബന്ധിത ബോണസിന് (Productivit Linked Bonus) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമെന്ന നിലയില്‍, 10,91,146 റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ഉല്‍പ്പാദനക്ഷമതാ ബന്ധിത ബോണസ് (PLB) ആയി 1865.68 കോടി രൂപ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി.
ഓരോ വര്‍ഷവും ദുര്‍ഗ്ഗാ പൂജ/ ദസറ അവധി ദിവസങ്ങള്‍ക്ക് മുമ്പായാണ് യോഗ്യരായ റെയില്‍വേ ജീവനക്കാര്‍ക്ക് PLB നല്‍കുന്നത്. ഈ വര്‍ഷം ഏകദേശം 10.91 ലക്ഷം നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ PLB തുക നല്‍കുന്നു. റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍, റെയില്‍വേ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് PLB നല്‍കുന്നത്.
യോഗ്യരായ ഓരോ റെയില്‍വേ ജീവനക്കാരനും 78 ദിവസത്തെ വേതനത്തിന് തുല്യമായ പരമാവധി PLB തുക 17,951/- രൂപയാണ്. ട്രാക്ക് മെയിന്റനര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡ്), സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, ടെക്‌നീഷ്യന്‍ ഹെല്‍പ്പര്‍മാര്‍, പോയിന്റ്‌സ്മാന്‍,
മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് 'സി' ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ റെയില്‍വേ ജീവനക്കാര്‍ക്കാണ് മുകളില്‍ പറഞ്ഞ തുക നല്‍കുന്നത്.
2024-25 വര്‍ഷത്തില്‍ റെയില്‍വേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. റെക്കോര്‍ഡ് എണ്ണത്തില്‍ 1614.90 ദശലക്ഷം ടണ്‍ കാര്‍ഗോകള്‍ കയറ്റി അയക്കാനും ഏകദേശം 7.3 ബില്യണ്‍ യാത്രക്കാരെ വഹിക്കാനും റെയില്‍വേയ്ക്ക് സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |