ദുബായ്: ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ 41 റൺസിന്റെ മികച്ച വിജയം നേടിയെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ പരീക്ഷണങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. ടീം മാനേജ്‌മന്റിന്റെ ബാറ്റിംഗ് ഓർഡറിലെ തുടർച്ചയായ മാറ്റങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർ അഭിഷേക് ശർമ്മ (75 റൺസ്, 37 പന്തിൽ) തകർപ്പൻ പ്രകടനം കാഴ്ചവച്ചപ്പോൾ, മറ്റ് താരങ്ങൾക്ക് തിളങ്ങാനായില്ല. ശിവം ദുബെ (2), സൂര്യകുമാർ യാദവ് (5), തിലക് വർമ്മ (5) എന്നിവർക്ക് രണ്ടക്കം കടക്കാൻ സാധിച്ചില്ല.
പവർപ്ലേയിൽ 72/0 എന്ന നിലയിലും, 11 ഓവറിൽ 112/2 എന്ന നിലയിലുമായിരുന്ന ഇന്ത്യക്ക് അവസാന 9 ഓവറിൽ 56 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ടൂർണമെന്റിന് മുമ്പ് ഓപ്പണിംഗ് സ്ഥാനത്ത് തിളങ്ങിയിരുന്ന സഞ്ജുവിന്, ഏഷ്യാ കപ്പിൽ കൃത്യമായൊരു ബാറ്റിംഗ് പൊസിഷൻ ലഭിച്ചിട്ടില്ല.
ചില മത്സരങ്ങളിൽ മൂന്നാം നമ്പറിൽ ഇറങ്ങിയപ്പോൾ, മറ്റു ചിലപ്പോൾ അഞ്ചാം നമ്പറിലേക്കും അദ്ദേഹം തഴയപ്പെട്ടു. ബംഗ്ലാദേശിനെതിരായ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ ആദ്യ ഏഴ് ബാറ്റർമാരുടെ കൂട്ടത്തിൽ പോലും സഞ്ജുവിന് ഇടം ലഭിച്ചില്ല. ക്രിക്കറ്റ് വിദഗ്ദ്ധരും മുൻ താരങ്ങളും ആരാധകർ അടക്കം ഈ തീരുമാനത്തിനെതിരെ വലിയ വിമശനമാണ് ഉയർത്തുന്നത്.
ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ പ്രകടനം മാറ്റിനിർത്തിയാൽ മദ്ധ്യനിരയിൽ ബാറ്റർമാർക്ക് ആർക്കും തിളങ്ങാൻ സാധിച്ചിരുന്നില്ല. എന്നിട്ടും സഞ്ജുവിനെപ്പോലൊരു പ്രതിഭയെ ടീം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് ആരാധകർ വിമർശിക്കുന്നു. ഇത് താരത്തിലുള്ള ടീം മാനേജ്‌മെന്റിന്റെ വിശ്വാസക്കുറവാണ് കാണിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.
ഒരു അഭിമുഖത്തിൽ, മുൻ ഇന്ത്യൻ താരം വരുൺ ആരോൺ സഞ്ജുവിനെ നേരത്തെ ഇറക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ചു. സ്പിന്നർമാരെ നേരിടാൻ ശിവം ദുബെയെ ഇറക്കിയത് ടീം തന്ത്രമായിരുന്നിരിക്കാം. എന്നാൽ ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ യോഗ്യതയുള്ള സഞ്ജുവിനെപ്പോലൊരു താരത്തെ പരിഗണിക്കാതിരുന്നത് ശരിയായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിന് മുൻപേ അക്സർ പട്ടേലിനെ ഇറക്കിയത് എന്തിനായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും വരുൺ ആരോൺ കൂട്ടിച്ചേർത്തു. അഞ്ചാമത്തെ വിക്കറ്റ് വീണപ്പോൾ 15-ാം ഓവറിലാണ് അക്സർ ക്രീസിലെത്തിയത്. 15 പന്തിൽ 10 റൺസ് മാത്രമെടുത്ത് അക്സർ പുറത്താകാതെ നിന്നു. ഏഷ്യാ കപ്പിന് മുമ്പ് ട്വന്റി 20 മത്സരങ്ങളിൽ ഓപ്പണറായി കളിച്ചിരുന്ന സഞ്ജു, ടൂർണമെന്റിൽ ശുഭ്മാൻ ഗില്ലിന്റെ വരവോടെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് പോയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് സഞ്ജുവിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്.
ഇന്ത്യൻ ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റിൽ വലിയ വ്യത്യാസമില്ല. ടോപ് എട്ടിലുള്ള എല്ലാവർക്കും മികച്ച സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ സാധിക്കും. പിന്നെ എന്തിനാണ് ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതെന്നാണ് വരുൺ ആരോൺ ചോദിക്കുന്നത്. സൂപ്പർ ഫോറിൽ ഒമാനെതിരായ മത്സരത്തിൽ നേടിയ അർദ്ധസെഞ്ചുറി മാത്രമാണ് സഞ്ജുവിന്റെ എടുത്തുപറയത്തക്ക പ്രകടനം. എന്നാൽ ആ ഇന്നിംഗ്സിന്റെ വേഗതയും വിമർശനങ്ങൾക്ക് കാരണമായിരുന്നു.
സ്ഥിരമായൊരു ബാറ്റിംഗ് പൊസിഷൻ ഇല്ലാത്തത് സഞ്ജുവിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ സ്വാഭാവികമായ കളി പുറത്തെടുക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നുമാണ് ക്രിക്കറ്റ് വിദഗ്ദ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |