സുൽത്താൻ ബത്തേരി: എൻ.എം. വിജയന്റെ സുൽത്താൻ ബത്തേരി കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ സാമ്പത്തിക ബാദ്ധ്യത കെ.പി. സി.സി ഇന്നലെ അടച്ചുതീർത്തുവെങ്കിലും വിവാദങ്ങൾക്ക് അറുതിയായില്ല. സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിൽ ഒരുവിഭാഗം അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് പാർട്ടിയ്ക്ക് വേണ്ടിയാണ് സ്വത്തുവകകൾ ബാങ്കിൽ പണയം വെച്ചതെന്നതിനാൽ ബാദ്ധ്യത പാർട്ടി നേതൃത്വം തീർത്ത് തരണമെന്ന ആവശ്യത്തെ തുടർന്നാണ് കെ.പി.സി.സി രംഗത്തെത്തിയത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനം നൽകാമെന്ന് പറഞ്ഞു പാർട്ടി നേതാക്കൾ വിജയനെ ബലിയാടാക്കി പണം വാങ്ങിയതായാണ് ആരോപണം ഉയർന്നത്. സഹകരണ വകുപ്പിന്റെ കർശന നിലപാടിനെ തുടർന്ന് നിയമനം നടക്കാതെ പോയി. പണം നൽകിയവർ പണം ആവശ്യപ്പെട്ട് എൻ.എം വിജയനെ സമീപിക്കാൻ തുടങ്ങി. ഗത്യന്തരമില്ലാതെ വസ്തുവകകൾ ബാങ്കിൽ പണയം വെച്ചും മറ്റും കുറച്ചുപേർക്ക് കൊടുത്തു തീർത്തു. പാർട്ടിനേതൃത്വം കൈവിട്ടതോടെ വിജയനും മകൻ ജിജേഷും വിഷം കഴിച്ചു മരിച്ചു. വിവരങ്ങളെല്ലാം കാണിച്ച് പാർട്ടി നേതൃത്വത്തിന് കത്തയച്ചിരുന്നു.
കുടുംബത്തിനായി എഴുതിവെച്ച കത്ത് പിന്നീട് പുറത്തായതോടെയാണ് പാർട്ടി നേതാക്കളുടെ കോഴ പങ്കും പുറത്ത് വന്നത്.
പാർട്ടിയ്ക്ക്‌വേണ്ടിയാണ് ബാങ്ക് ബാദ്ധ്യതയുണ്ടായതെന്ന് വിജയൻ എഴുതി വെച്ച കത്തിൽ നിന്ന് വ്യക്തമായതോടെ കെ.പി.സി.സി അന്വേഷണത്തിന് സബ് കമ്മിറ്റിയെ നിയോഗിച്ചതിനു പുറമെ നേതാക്കന്മാർ പലരും എത്തി വിജയന്റെ കുടുംബത്തെ കൈയൊഴിയുകയില്ലെന്ന് ഉറപ്പ് നൽകി. എന്നാൽ തീരുമാനം അനന്തമായി നീണ്ടു . അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇവരുടെ വീട്ടിലെത്തി വിജയന്റെ കുടുംബം ആവശ്യപ്പെട്ടാൽ ബാദ്ധ്യത പാർട്ടി ഏറ്റെടുക്കുമെന്ന സൂചന നൽകി. പ്രശ്നപരിഹാരം എങ്ങും എത്താതെ വന്നതോടെ വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വസ്തുവിന്റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത് തന്നില്ലെങ്കിൽ ഡി .സി .സി ഓഫീസിന് മുന്നിൽ ഒക്ടോബർ രണ്ട് മുതൽ അനിശ്ചിതകാല സത്യാഗ്രഹം ഇരിക്കുമെന്ന് അന്ത്യശാസനവും നൽകി.
അതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച കെ. പി .സി .സി പ്രസിഡന്റ് അർബ്ബൻ ബാങ്കിൽ വിളിച്ച് വിജയന്റെ ബാദ്ധ്യത അടക്കാമെന്ന് അറിയിച്ചതും ഇന്നലെ തുക അടച്ചതും. വിജയന്റെ ബാങ്ക് ബാദ്ധ്യത ബിസിനസ് ആവശ്യാർത്ഥം ഉണ്ടായതാണെന്നും പാർട്ടിയ്ക്ക്‌വേണ്ടിയല്ല ഉണ്ടായതെന്നുമുള്ള പാർട്ടി പ്രവർത്തകരുടെ വാദം ഇതോടെ പൊളിഞ്ഞു. വസ്തുവിന്റെ ആധാരം വിജയന്റെ കുടുംബത്തിന് കൈയിൽ കിട്ടാൻ നിയമപരമായ ചില തടസങ്ങൾ ഉണ്ടെങ്കിലും ഉടൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം .അതെസമയം വിജയന്റെ ബാങ്ക് ബാദ്ധ്യത അടച്ചുതീർത്തതിൽ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ഉണ്ടായ അമർഷം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |