ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ചലച്ചിത്ര താരങ്ങളായ ഉർവശിയും വിജയരാഘവനും ഇന്നലെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി പ്രഭാത ഭക്ഷണം കഴിച്ചു. ഉർവശിക്കൊപ്പം മകൾ തേജ ലക്ഷ്‌മി ജയനുമുണ്ടായിരുന്നു. സുരേഷ് ഗോപി വീട്ടിലുണ്ടായിരുന്നില്ല.
2023ലെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം ഉർവശി പങ്കുവച്ചു. രണ്ടുതവണ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും വനിതാ രാഷ്ട്രപതിമാരിൽ നിന്നാണ് ഏറ്റുവാങ്ങിയത്. സുരേഷ് ഗോപിയുമായുള്ള സൗഹൃദം തുടങ്ങിയിട്ട് എത്രവർഷമായെന്നുപോലും ഓർമ്മയില്ല. ന്യൂഡൽഹിയടക്കം ധാരാളം സിനിമകളിൽ ഒരുമിച്ചഭിനയിച്ചു.
തന്നെ 'പൊടി"യെന്നും താൻ അദ്ദേഹത്തെ 'ബാബു അണ്ണൻ" എന്നുമാണ് വിളിക്കുന്നത്. ഡൽഹിയിലെത്തിയാൽ വീട്ടിൽ വന്നു ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞിരുന്നു. ആ നിർബന്ധം കാരണമാണ് ഇവിടെയെത്തിയത്. സുരേഷ് ഗോപി സ്ഥലത്തില്ലെങ്കിലും ഭക്ഷണം കഴിച്ച ശേഷം അക്കാര്യം വിളിച്ചുപറഞ്ഞു. പൂജാമുറി കണ്ടോയെന്ന് ചോദിച്ചപ്പോൾ ഗുരുവായൂരപ്പനെ കണ്ടെന്ന് പറഞ്ഞു. വലിയ സന്തോഷമായെന്നും മറുപടി നൽകി. മസാലദോശയും സാമ്പാർ വടയും പോഹയും ഉപ്പുമാവും ദോക്‌ലയും കഴിച്ചു.ഡയറ്റ് നോക്കാറില്ലെന്നും ചിരിച്ചുകൊണ്ട് ഉർവശി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |