തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാദ്ധ്യമാക്കുന്ന ബഡ്‌ജറ്റ് ടൂറിസത്തിലൂടെ വൻ നേട്ടമുണ്ടാക്കി കെ.എസ്.അർ.ടി.സി. ഓണം സീസണിൽ ജില്ലയിൽ മാത്രം 25 ലക്ഷം രൂപയാണ് നേടിയത്. സെപ്തംബർ ഒന്നുമുതൽ ഏഴുവരെയുള്ള കണക്കാണിത്.
സൂര്യകാന്തി പൂക്കളുടെ സീസൺ ആരംഭിച്ചതോടെ സുന്ദരപാണ്ഡ്യപുരത്തേക്കുള്ള പ്രത്യേക സർവീസുകൾക്കും മികച്ച വരുമാനം നേടാനായി. റിസോർട്ട് ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി കാസർകോട് പൊലിയംതുരുത്തിലേക്കുള്ള പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും യാത്ര ബുക്ക് ചെയ്യാം. ബഡ്ജറ്റ് ടൂറിസത്തിൽ ഗവി,മൂന്നാർ,വാഗമൺ ട്രിപ്പുകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്.
സിറ്റി,വികാസ് ഭവൻ,വെഞ്ഞാറമൂട് ഡിപ്പോകളാണ് യാത്രകളിൽ മുന്നിൽ. കോട്ടയം മലരിക്കൽ ആമ്പൽ വസന്തം കാണുന്നതിനും സർവീസുകൾ നടത്തിയിരുന്നു. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നെഫർടിറ്റി ആഡംബരക്കപ്പൽ യാത്രക്കും ജില്ലയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിപ്പോകളിൽ നിന്ന് ബസിൽ യാത്രക്കാരെ ബോൾഗാട്ടിയിലെത്തിച്ച് അവിടെനിന്ന് ഉൾക്കടലിലേക്ക് കപ്പൽമാർഗം കൊണ്ടുപോകും. അതുകഴിഞ്ഞ് അതേ ബസിൽ മടക്കയാത്ര.
പ്രത്യേക പദ്ധതികൾ
സിറ്റി ഡബിൾ ഡെക്കർ,പൊന്മുടി തുടങ്ങി ജില്ലയ്ക്ക് അകത്തുള്ള വിനോദയാത്രകൾക്ക് പുറമേ തീർത്ഥാടനയാത്രകളും ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂകാംബിക,കൊട്ടിയൂർ,നാലമ്പലം,ശബരിമല,ഗുരുവായൂർ,തിരുവൈരാണിക്കുളം,കൃപാസനം എന്നിങ്ങനെ സീസൺ യാത്രകളും ഒരുക്കുന്നു. ദീർഘദൂര ട്രിപ്പുകളെല്ലാം ഡീലക്‌സ് സെമിസ്ലീപ്പറുകളിലാണ് നടത്തുക യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ.സി ബസിലും യാത്ര ക്രമീകരിക്കാറുമുണ്ട്. ഇതിനൊക്കെ പുറമേ വിവാഹ ആവശ്യങ്ങൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നടത്താറുണ്ട്.
2025ലെ വരുമാനം
ജനുവരി 85 ലക്ഷം
ഫെബ്രുവരി 40 ലക്ഷം
മാർച്ച് 35 ലക്ഷം
ഏപ്രിൽ 70 ലക്ഷം
മേയ് 75 ലക്ഷം
ജൂൺ 30 ലക്ഷം
ജൂലായ് 35 ലക്ഷം
ആഗസ്റ്റ് 55 ലക്ഷം
സെപ്തംബർ( ഇതുവരെ) 45 ലക്ഷം
ഓണാവധിക്ക് 40 ട്രിപ്പുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |