പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫീസിലെത്തി. 38 ദിവസങ്ങൾക്കു ശേഷമാണ് മണ്ഡലത്തിൽ എത്തിയത്. ഇന്നലെ പുലർച്ചെ നഗരത്തിലെത്തിയ രാഹുൽ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. തുടർന്ന് നഗരത്തിലെ ചിലരെ കണ്ട് സംസാരിച്ചു. ശേഷം മണ്ണാർക്കാട്ടേക്കാണ് പോയത്. അന്തരിച്ച മുൻ കെ.പി.സി.സി സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ പൗലോസിന്റെ വീട് സന്ദർശിച്ചു. ഇവിടെ വച്ച് ബെന്നി ബെഹനാൻ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉൾപ്പെടെ നേതാക്കളുമായി സംസാരിച്ചു. ഓഫീസിൽ ഷാൾ അണിയിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. നിവേദനങ്ങളും രാഹുൽ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നായിരുന്നു മാദ്ധ്യമങ്ങളോട് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. പ്രതിഷേധങ്ങൾ പ്രശ്നമല്ലെന്നും, നാളെയും മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.
പ്രാദേശിക നേതാക്കളുടെ
പിന്തുണ
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ രാവിലെ പാലക്കാട് മണ്ഡലത്തിലെത്തിയത്. അഭിവാദ്യം ചെയ്തും ചേർത്തു പിടിച്ചുമാണ് രാഹുലിനെ അവർ സ്വീകരിച്ചത്. പാർട്ടിയുടെ ഭാഗമല്ലെന്ന് നേതൃത്വം പറയുമ്പോഴും , കോൺഗ്രസ് നേതാക്കൾ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി മുത്തലിബ് ഏറെ നേരം രാഹുലുമായി ചർച്ച നടത്തി.
ചൂലുമായി
പ്രതിഷേധം
രാവിലെ ശക്തമായ പ്രതിഷേധമാണ് ബി.ജെ.പിയും ഡിവൈ.എഫ്.ഐയും നടത്തിയത്. മഹിളാ മോർച്ച പ്രവർത്തകർ ചൂലുമായി എത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്
സാദ്ധ്യതയുള്ളതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് രാഹുലിന്റെ എം.എൽ.എ ഓഫീസിന് മുന്നിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് എം.എൽ.എ ഓഫീസിലെത്തിയപ്പോൾ രാഹുലിനെതിരെ പ്രതിഷേധമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |