തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് അപകടകരമാണെന്ന് ആശുപത്രി അധികൃതർ. ശസ്ത്രക്രിയക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇക്കാര്യം രോഗിയായ സുമയ്യയെ അറിയിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഗൈഡ് വയർ പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാൽപ്പോലും അതിലെ അപകടസാദ്ധ്യതകൾ ബോധ്യപ്പെടുത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഗൈഡ് വയർ നെഞ്ചിനുള്ളിൽ നിലനിർത്തുന്നത് കൂടുതൽ സുരക്ഷിതമെന്നാണ് വിദഗ്ദ്ധരുടെ നിലപാട്.
രണ്ടുവർഷം മുൻപ് ജനറൽ ആശുപത്രിയിൽ തൈറോയ്‌ഡിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് ഗൈഡ് വയർ കുടുങ്ങിയത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്‌സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം ഹോസ്പിറ്റൽ ജീവനക്കാരെ അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഒഴിഞ്ഞുമാറുകയായിരുന്നു. ട്യൂബ് നെഞ്ചിൽ ഒട്ടിയാണ് ഇരിക്കുന്നത്. എടുത്ത് മാറ്റാൻ പ്രയാസമാണ്. ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്ന് നേരത്തെ ഡോക്‌ടർമാർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |