സർക്കാർ സേവനങ്ങൾ സമയബന്ധിതവും സുതാര്യവും ഉത്തരവാദിത്വമുള്ളതുമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന നിർദ്ദിഷ്ട നിയമമാണ് കേരള പൊതു സേവന അവകാശ നിയമം. 2012-ലെ സംസ്ഥാന സേവന അവകാശ നിയമത്തിന് പകരമായാണ് പുതിയ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നത്. 27 വകുപ്പുകളുള്ള പുതിയ ബിൽ സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുന്നതിനും, സേവനം നിഷേധിക്കപ്പെടുന്നവർക്ക് അപ്പീൽ സംവിധാനം ഒരുക്കുന്നതിനും ഊന്നൽ നൽകുന്നു.
പുതിയ ബിൽ നിയമമാകുമ്പോൾ അത് കേരള പൊതു സേവന അവകാശ നിയമം, 2024 എന്നായിരിക്കും അറിയപ്പെടുക. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പൊതു അധികാരികൾക്കും ഇത് ബാധകമാണ്. പൗരന്മാർക്ക് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ അല്ലാതെയോ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇതിന്റെ പരിധിയിൽ വരും. സേവനം ലഭിക്കാൻ അർഹതയുള്ള ഏതൊരു പൗരനെയും, അല്ലെങ്കിൽ അയാളുടെ പ്രതിനിധിയെയും, 'അർഹനായ വ്യക്തി"യായി ബിൽ നിർവചിക്കുന്നു.
സമയബന്ധിത
സേവനം
ബിൽ പ്രകാരം വകുപ്പ്- 3 അനുസരിച്ച്, വിജ്ഞാപനം ചെയ്യപ്പെട്ട ഏതൊരു സേവനവും നിശ്ചിത സമയപരിധിക്കകം നേടാൻ അർഹനായ ഓരോ വ്യക്തിക്കും അവകാശമുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കുകയോ, അപേക്ഷ നിരസിക്കുന്നെങ്കിൽ കൃത്യമായ കാരണങ്ങൾ ബോദ്ധ്യപ്പെടുത്തുകയോ ചെയ്യേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കടമയാണ്. ഓൺലൈനായുള്ള അപേക്ഷകൾക്ക് സ്വയം ഒരു രസീത് ലഭിക്കുന്ന സംവിധാനവും ഉറപ്പാക്കും. വകുപ്പ് 6 ഡിജിറ്റലൈസേഷന് വലിയ പ്രാധാന്യം നൽകുന്നു. ബിൽ നിയമമായി ആറ് മാസത്തിനകം, എല്ലാ പൊതു അധികാരികളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നൽകുന്ന സേവനങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കണം. ഈ പട്ടിക വർഷം തോറും അവലോകനം ചെയ്യും.
അപ്പീലിനുള്ള
സംവിധാനം
സേവനങ്ങൾ നിഷേധിക്കപ്പെടുന്ന പൗരന്മാർക്ക് പരാതി നൽകാൻ മൂന്ന് തലങ്ങളിലുള്ള അപ്പീൽ സംവിധാനം ബിൽ വിഭാവനം ചെയ്യുന്നു.
ഒന്നാം അപ്പീൽ (വകുപ്പ് 7): അപേക്ഷ നിരസിക്കുകയോ വൈകുകയോ ചെയ്താൽ 30 ദിവസത്തിനകം ഒന്നാം അപ്പീൽ അതോറിറ്റിക്ക് അപ്പീൽ നൽകാം. അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കണം.
രണ്ടാം അപ്പീൽ (വകുപ്പ് 8): ഒന്നാം അപ്പീലിൽ തൃപ്തരല്ലാത്തവർക്ക് 30 ദിവസത്തിനകം ജില്ലാ കളക്ടറെ സമീപിക്കാം. കളക്ടർ 30 ദിവസത്തിനകം അപ്പീൽ തീർപ്പാക്കണം.
പുനഃപരിശോധന (വകുപ്പ് 9): രണ്ടാം അപ്പീലിലും നീതി ലഭിക്കാത്തവർക്ക് റിവിഷണൽ അതോറിറ്റിയെ സമീപിക്കാം. തീരുമാനം അന്തിമമായിരിക്കും.
വീഴ്ചയ്ക്ക്
പിഴ
പൊതു സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ ബാധ്യസ്ഥരാക്കുന്ന കർശനമായ പിഴ വ്യവസ്ഥകൾ ബിൽ ഉൾക്കൊള്ളുന്നു. വകുപ്പ് 12 അനുസരിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം നൽകാത്ത ഉദ്യോഗസ്ഥർക്ക് ആയിരം മുതൽ 10,000 രൂപ വരെ പിഴ ചുമത്താം. വകുപ്പ് 13 പ്രകാരം, ഒന്നാം അപ്പീൽ അതോറിറ്റി അപ്പീൽ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തിയാൽ 2000 മുതൽ 15,000 രൂപ വരെ പിഴ ചുമത്താൻ രണ്ടാം അപ്പീൽ അതോറിറ്റിക്ക് അധികാരമുണ്ട്.
സേവന വിവരങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനോ പ്രദർശിപ്പിക്കുന്നതിനോ വീഴ്ച വരുത്തുന്ന വകുപ്പ് തലവന്മാർക്ക് 10,000 രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് 14-ാം വകുപ്പ്. വകുപ്പ് 15 അനുസരിച്ച്, മനഃപൂർവമായതോ ആവർത്തിച്ചുള്ളതോ ആയ വീഴ്ചകൾക്ക് പിഴയ്ക്കു പുറമെ അച്ചടക്ക നടപടികളും ഉണ്ടാകും.
ഈ പിഴത്തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നോ സ്വത്തുക്കളിൽ നിന്നോ നേരിട്ട് ഈടാക്കും.
പൗരന്മാർക്ക്
നഷ്ടപരിഹാരം
വകുപ്പ് 16 അനുസരിച്ച്, സേവനം നിഷേധിക്കുകയോ വൈകിക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന പിഴത്തുകയിൽ നിന്ന് അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ അതോറിറ്റിക്ക് അധികാരമുണ്ട്. നിയമ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു മൂന്നംഗ അതോറിറ്റിയെ നിയമം നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ അതോറിറ്റിക്ക് ഓഫീസുകൾ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്താനും, അച്ചടക്ക നടപടികൾക്ക് ശുപാർശ ചെയ്യാനും, സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന നിർദ്ദേശങ്ങൾ നൽകാനും അധികാരമുണ്ട്.
പുതിയ ബിൽ
എന്തിന്?
2012-ലെ നിയമം അതിന്റെ ലക്ഷ്യങ്ങൾ പൂർണമായി നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് ബില്ലിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പലപ്പോഴും സേവനങ്ങൾ വിജ്ഞാപനം ചെയ്യാത്തതും, സേവനങ്ങളുടെ പരിധി പരിമിതപ്പെടുത്തിയതും, ഉത്തരവാദിത്തമില്ലായ്മയും പഴയ നിയമത്തെ ദുർബലപ്പെടുത്തി. സേവനം വൈകിച്ച ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുന്ന രീതി പഴയ നിയമത്തിൽ ഉണ്ടായിരുന്നില്ല. ഈ പോരായ്മകൾ പരിഹരിക്കാനാണ് പുതിയ ബിൽ. പുതിയ ബിൽ നിയമമാകുമ്പോൾ, 2012-ലെ നിയമം റദ്ദാക്കപ്പെടും. നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ രണ്ടു വർഷത്തിനകം വിജ്ഞാപനം ചെയ്യും. ഈ നിയമനിർമ്മാണത്തിലൂടെ കേരളത്തിൽ പൗര കേന്ദ്രീകൃതവും, സുതാര്യവും, കാര്യക്ഷമവുമായ ഒരു പൊതുസേവന വിതരണ സംസ്കാരം വളർത്തിയെടുക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |