കേരളത്തിൽ സരസ്വതീപൂജയ്ക്ക്ഏറെ പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം അറിവിന്റെയും ജ്ഞാനത്തിന്റെയും സത് കലകളുടെയും ദേവിയാണ് സരസ്വതി.ആദിപരാശക്തിയായ ജഗദ് മാതാവിന്റെ മൂന്നു പ്രധാന രൂപങ്ങളിൽ വിദ്യാദേവിയായി കാണുന്നത് സാത്വികയായ സരസ്വതിദേവിയെയാണ് . സ്രഷ്ടാവായ ബ്രഹ്മാവിന് സൃഷ്ടി നടത്തുവാൻ ആവശ്യമായ അറിവ് നൽകുന്നത് മൂലപ്രകൃതിയായ സരസ്വതീദേവിയാണ് എന്ന് ഹൈന്ദവ വിശ്വാസം. അക്ഷര ദേവതയുടെ കടാക്ഷം കടലോളമുണ്ട് പനച്ചിക്കാട്ട് സരസ്വതി ക്ഷേത്രത്തിൽ. വള്ളിപ്പടർപ്പുകൾക്കിടയിലെ നീരുറവയുടെ ഓരത്തെ കാടിനുള്ളിലെ മൂലവിഗ്രഹത്തിലാണ് സരസ്വതി സാന്നിദ്ധ്യം. ഊരാൺമക്കാരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽ മഹാവിഷ്ണു,സരസ്വതി, ഗണപതി, ശിവൻ, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്നീ ക്രമത്തിലാണ് ദർശനം.
ദക്ഷിണ മൂകാംബികയെന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിൽ ദിവസവും സരസ്വതീ പൂജയും വഴിപാടും ഭക്തരെ ധന്യരാക്കുന്നു. ക്ഷേത്ര ഗോപുരത്തിൽ എത്തുമ്പോൾ ആദ്യം കാണുന്നത് പുരാതന വിഷ്ണു ക്ഷേത്രം. അതിന് താഴെ തൊട്ടുകിഴക്ക് കുളക്കരയുടെ മദ്ധ്യത്തിലാണ് സരസ്വതി കുടിയിരിക്കുന്നത്. ക്ഷേത്ര സങ്കൽപ്പത്തിലുള്ള ശ്രീകോവിലോ നാലമ്പലമോ മാളികക്കെട്ടോയില്ല. കുളത്തിന്റ മുകൾഭാഗം പാതിയോളം മൂടിയ വള്ളിപ്പടർപ്പും അതിനുള്ളിൽ വിദ്യാദേവതയുടെ മൂലവിഗ്രഹം കുടികൊള്ളുന്നു. ഈ മൂലവിഗ്രഹത്തിന് അഭിമുഖമായുള്ള പ്രതിവിഗ്രത്തിലാണ് കർമാനുഷ്ഠാനങ്ങൾ. മൂലവിഗ്രഹത്തിന്റെ പാദങ്ങളിൽ തഴുകിയൊഴുകുന്ന തീർത്ഥജലം ഒരിക്കലും വറ്റാറില്ല. പൂജയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള ജലവും ഇതിൽ നിന്നാണ് എടുക്കുന്നത്. മറ്റു കിണറുകളും ജലശ്രോതസുകളുമില്ലെന്നതും പ്രത്യേകതയാണ്.
സരസ്വതീക്ഷേത്രത്തിന് മുകളിൽ പടിഞ്ഞാറായി ഇലഞ്ഞിയും ഏഴിലമ്പാലയും തീർത്ത പ്രകൃതിയുടെ പർണശാലയ്ക്കുള്ളിൽ ക്ഷിപ്രകോപിനിയും ക്ഷിപ്ര പ്രസാദിനിയുമായ യക്ഷി അധിവസിക്കുന്നു. യക്ഷീ സമീപം ബ്രഹ്മരക്ഷസും പ്രതിഷ്ഠിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ യക്ഷിക്കാവുകളുണ്ടെങ്കിലും പനച്ചിക്കാട് ക്ഷേത്രത്തിലെ യക്ഷീ ശക്തിക്ക് അനുഭവസാക്ഷ്യങ്ങളുണ്ട്. ശിവൻ, ശാസ്താവ്, ഗണപതി, നാഗയക്ഷി, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.
വിദ്യാരംഭവും അരങ്ങേറ്റവും
ലോകമെമ്പാടുമുള്ള ഭക്തർ വിദ്യാരംഭത്തിനും കലാ അരങ്ങേറ്റത്തിനും പനച്ചിക്കാട് എത്തും. ദുർഗാഷ്ടമി,മഹാ നവമി ദിവസങ്ങളൊഴികെ എല്ലാദിവസവും ദ്യാരംഭം നടത്താം. സരസ്വതീ മണ്ഡപത്തിലാണ് അരങ്ങേറ്റം. നവരാത്രി നാളുകളിലെ കലാമണ്ഡപത്തിൽ കലാർച്ചനയും നടത്തും. ഗ്രന്ഥങ്ങൾ, തൂലികകൾ, എഴുത്തോലകൾ എന്നിവ മാത്രമേ പൂജവയ്ക്കൂ. കൊല്ലവർഷം കന്നിയിലെ നവരാത്രി, രഥഘോഷയാത്ര, സംഗീതോത്സവം, വിദ്യാരംഭം, ചിങ്ങം തുലാം, ധനു, കുംഭം, മേടം , ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിലെ വനകാഭിഷേകം, വൃച്ഛികത്തിലെ ചുറ്റുവിളക്ക് ,മഹാസുകൃത ഹവനം, ദ്രവ്യകലശം, മീനത്തിലെ മഹാഗണപതി ഹോമം എന്നിവയാണ് പ്രധാന അനുഷ്ഠാനങ്ങൾ
സാരസ്വതം നെയ്
സാരസ്വത സൂക്തം വിധി പ്രകാരം ജപിച്ച സംശുദ്ധവും സമ്പുഷ്ടവുമാക്കിയ സാരസ്വതം നെയ്യ് 12, 41ദിവസങ്ങളിലായി വൃതശുദ്ധിയോടെ സേവിച്ചാൽ ബുദ്ധിക്കും വിദ്യയ്ക്കും അത്യുത്തമമാണ്.
നിവേദ്യങ്ങൾ
സരസ്വതിക്കും വിഷ്ണുവിനും തൃമധുരവും അരവണയും യക്ഷിക്ക് വറയും പ്രധാനമാണ്. രക്ഷസിന് പാൽപ്പായസം, ശാസ്താവിന് തേങ്ങ തിരുമ്മിയ നിവേദ്യമായ നരത്തല, ശിവന് ധാര, കൂവളമാല, ഗണപതിക്ക് ഒറ്റയപ്പം, കറുകമാല എന്നിവയുമാണ് നിവേദ്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |