വിജയദശമിക്ക് ആദ്യക്ഷരം കുറിക്കാൻ ഏറ്റവും അനുയാേജ്യമായ ക്ഷേത്രമെന്ന് കരുതുന്നത് കോട്ടയം ജില്ലയിലെ പനച്ചിക്കാട് മഹാവിഷ്ണു സരസ്വതീ ക്ഷേത്രമാണ്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും ഈ ക്ഷേത്രം അറിയപ്പെടുന്നത് സരസ്വതീ ക്ഷേത്രമായാണ്. സാധാരണ ക്ഷേത്രങ്ങളിൽ കാണാറുള്ള ശ്രീകോവിലോ സോപാനമോ ഇവിടെയില്ല.
ദേവിയുടെ വിഗ്രഹത്തിനുമുണ്ട് പ്രത്യേകത. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള കുളത്തിന്റെ കരയിലാണ് ദേവിയുടെ പ്രതിഷ്ഠയുളളത്. ചുറ്റിലും വള്ളിപ്പടർപ്പുകൾ മൂടിക്കിടക്കുന്നതിനാൽ പ്രതിഷ്ഠ മുഴുവനായും കാണാൻ സാധിക്കില്ല. അതിനാൽ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന പ്രതിബിംബത്തിലാണ് പൂജകൾ നടത്തുന്നത്.
മലമുകളിൽ നിന്ന് ഒലിച്ചുവരുന്ന നീർച്ചാലിൽ മൂലവിഗ്രഹത്തിന് സമീപത്തേക്ക് വെള്ളം എത്തുന്നുണ്ട്. കടുത്ത വേനലിൽപ്പോഴും ഇവിടെ ഒഴുക്ക് നിലയ്ക്കില്ലത്രേ. പൂജയ്ക്കാവശ്യമുള്ള വെള്ളം എടുക്കുന്നതും ഈ നീർച്ചാലിൽ നിന്നാണ്. പ്രതിഷ്ഠയിൽ ചുറ്റപ്പെട്ടുകിടക്കുന്ന വള്ളികൾ മറ്റൊരിടത്തും കാണാത്ത സരസ്വതീ ലതയാണ് എന്നാണ് വിശ്വാസം. വടക്കുവശത്താണ് ദേവീ പ്രതിഷ്ഠ എന്നതിനാലാണ് ക്ഷേത്രത്തിന് ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നത്. ജാതി,മത ഭേദമില്ലാതെ എല്ലാവർക്കും വിദ്യാരംഭം കുറിക്കാം എന്നതാണ് ഇവിടത്തെ ഒരു പ്രത്യേകത. എല്ലാദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയും ഈ ആരാധനാലയത്തിനുണ്ട്. പ്രധാന ഉത്സവം നവരാത്രി തന്നെയാണ്.
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴി: ബസിലാണെങ്കിൽ ചങ്ങനാശേരിയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ് ക്ഷേത്രം.ചിങ്ങവനത്ത് ഇറങ്ങിയാൽ സ്വകാര്യ ബസോ ഓട്ടോ റിക്ഷയോ ലഭിക്കും. ട്രെയിനിൽ എത്തുന്നവർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ മതി. ഇവിടെനിന്ന് ഏഴുകിലോമീറ്റർ മാത്രം അകലെയാണ് ക്ഷേത്രം.വിമാനത്തിലെത്തുന്നവർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ബസിലോ, ട്രെയിനിലോ, ടാക്സികളിലോ ക്ഷേത്രത്തിലെത്താം. ഏകദേശദൂരം 70 കിലോമീറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |