പത്തനംതിട്ട: ആചാര സംരക്ഷണത്തിൽ നിന്ന് പിന്നോട്ട് പോയെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്‌താവന ശരിയല്ലെന്ന് പ്രതികരിച്ച് പന്തളം കൊട്ടാരം. പന്തളം കൊട്ടാരം ആചാരസംരക്ഷണത്തിന് വേണ്ടി തന്നെയാണ് നിലനിൽക്കുന്നത്. അതിൽ നിന്ന് പിൻവാങ്ങിയിട്ടില്ല. 2018ലെ സ്ഥിതി എങ്ങനെയോ അതിൽനിന്നും ഒട്ടുംതന്നെ പിൻവാങ്ങിയിട്ടില്ല. ആചാരങ്ങളും പൂജകളും വൈദികരീതിയിൽ തന്നെ നിലനിൽക്കണം അതിൽ മാറ്റം വരുത്താൻ പാടില്ലെന്നുതന്നെയാണ് ഇപ്പോഴും എപ്പോഴുമുള്ള നിലപാട് അതിന് മാറ്റമില്ലെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ ശങ്കർ വർമ്മ അറിയിച്ചു.
ആചാരസംരക്ഷണത്തിൽ പന്തളം കൊട്ടാരം എന്നും ഭക്തർക്കൊപ്പമുണ്ടായിരുന്നെന്ന് നിർവാഹകസംഘം കമ്മിറ്റിയംഗം പി എൻ നാരായണ വർമ്മയും നേരത്തെ പ്രതികരിച്ചിരുന്നു. എൻഎസ്എസ് 2018ൽ അന്ന് വളരെയധികം കാര്യങ്ങൾ ചെയ്‌തിരുന്നു. ഇപ്പോൾ എന്തുകൊണ്ട് ആ നിലപാട് മാറിയെന്നറിയില്ല. അതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടാകാം എന്ന് നാരായണ വർമ്മ പറഞ്ഞു.
വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്നത് സമദൂര നിലപാടിലെ ശരി കണ്ടെത്തിയാണെന്ന് നേരത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കേരളകൗമുദിയോട് പ്രതികരിച്ചിരുന്നു. 'സർക്കാരുകളുടെ തെറ്റായ നയങ്ങളെയാണ് എന്നും എൻ.എസ്.എസ് എതിർത്തിട്ടുള്ളത്. ശരി ചെയ്യുമ്പോൾ അത് ശരിയെന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസ വിഷയത്തിൽ സർക്കാർ ശരിയുടെ പാതയിലാണ്. സർക്കാർ തെറ്റുതിരുത്തി. പിന്നീടൊരിക്കലും യുവതികളെ പ്രവേശിപ്പിച്ചില്ല. ശബരിമല വികസനത്തിന് കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. ഇതെല്ലാം സ്വാഗതാർഹമായ കാര്യങ്ങളാണ്.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |