അജ്മീർ: രാജസ്ഥാനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഡവലപ്‌മെന്റ് ഓഫീസർ (വിഡിഒ) പിടിയിൽ. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കായുള്ള അപേക്ഷയ്‌ക്കൊപ്പം കൈക്കൂലി നൽകണമെന്നാവശ്യപ്പെട്ട സോനാക്ഷി യാദവാണ് ആൻഡി കറപ്ഷൻ ബ്യൂറോയുടെ (എസിബി) പിടിയിലായത്.
അജ്മീർ വിഡിഒ ആണ് സൊനാക്ഷി യാദവ്. ഫണ്ട് അനുവദിക്കാനായി 2500 രൂപയായിരുന്നു കൈക്കൂലിയായി ഓഫീസർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പരാതിക്കാരൻ ആയിരം രൂപയാണ് അപേക്ഷയ്‌ക്കൊപ്പം നൽകിയത്. ബാക്കി 1500 രൂപ കൂടി നൽകിയാൽ മാത്രമേ ഭവന നിർമാണത്തിനാവശ്യമായ ഫണ്ട് പാസാക്കുകയുള്ളൂവെന്ന് സൊനാക്ഷി പറഞ്ഞു.
ഇതോടെയാണ് പരാതിക്കാരൻ എസിബിയെ സമീപിച്ചത്. തുടർന്ന് ഡിജിപി സ്മിത ശ്രീവാസ്തവയുടെ നിർദ്ദേശപ്രകാരം, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ അനിൽ കായലിന്റെ മേൽനോട്ടത്തിൽ എസിബി ഉദ്യോഗസ്ഥയ്ക്ക് കെണിയൊരുക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പരാതിക്കാരൻ പണം സൊനാക്ഷിയ്ക്ക് നൽകി. ഇതിനിടെയാണ് അറസ്റ്റ് ചെയ്‌തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഴിമതിക്കാരെ വെറുതെ വിടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസിബി ആധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |