മലപ്പുറം: അദ്ധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചെറിയമുണ്ടം സ്വദേശി ഫിറോസ് (51) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ റംലത്തി(43)നെതരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പരിചയം പുതുക്കിയ ശേഷമായിരുന്നു തട്ടിപ്പ്. അദ്ധ്യാപികയുടെ മകളുടെ വിവാഹത്തിനായി കരുതിയിരുന്ന പണമാണ് പ്രതികള്‍ തട്ടിപ്പ് നടത്തി കൈക്കലാക്കിയത്. താനൂര്‍ തലക്കടത്തൂര്‍ സ്‌കൂളിലെ അദ്ധ്യാപികയാണ് തട്ടിപ്പിന് ഇരയായത്.
പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് എത്തിയപ്പോള്‍ പരിചയം പുതുക്കുകയും പിന്നീട് വീട്ടിലെ സ്ഥിരം സന്ദര്‍ശകരായി മാറുകയുമായിരുന്നു. പക്ഷാഘാതം ബാധിച്ചുവെന്ന് കള്ളം പറഞ്ഞ് അദ്ധ്യാപികയുടെ മനസ്സലിവ് നേടിയ ശേഷമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ബിസിനസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നല്‍കാമെന്നും പറഞ്ഞു അദ്ധ്യാപികയില്‍നിന്ന് തുക കൈപ്പറ്റി. വീണ്ടും ഒരു ലക്ഷം രൂപ കൂടി വാങ്ങി. പലിശ തുക രണ്ടു തവണ കൃത്യമായി നല്‍കി വിശ്വാസ്യത നേടിയിരുന്നു.
പിന്നീട് ബിസിനസ് വിപുലമാക്കാനാണെന്നു പറഞ്ഞു സ്വര്‍ണം ആവശ്യപ്പെട്ടതോടെ ബാങ്കില്‍ സൂക്ഷിച്ചിരുന്ന 21 പവന്‍ സ്വര്‍ണവും അധ്യാപിക ഫിറോസിന് നല്‍കി. പിന്നീട് ഫിറോസിന്റെ ഫോണ്‍ ഓഫ് ആയതോടെയാണ് അദ്ധ്യാപികയ്ക്ക് താന്‍ കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്. 47 ലക്ഷം രൂപയാണ് അദ്ധ്യാപികയ്ക്ക് നഷ്ടമായത്. മാസങ്ങളോളം ഫിറോസിന്റെ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് പൊലീസില്‍ പരാതിപ്പെടുന്നത്. ഫിറോസ് കര്‍ണാടകയിലെ ഹാസനില്‍ ആര്‍ഭാടമായി ജീവിക്കുന്നുവെന്ന് വിവരം ലഭിച്ചതോടെ പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂരും സംഘവും ഹാസനിലെത്തി അന്വേഷണം നടത്തി പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |