കൊച്ചി: എറണാകുളം എം.ജി. റോഡിലെ ബാറിൽ വാക്കേറ്റത്തിനിടെ ജനപ്രതിനിധിയെ തോക്ക് കാട്ടി വിരട്ടിയ ഗുണ്ടാസംഘം പുറത്തെടുത്ത തോക്ക് യഥാർത്ഥമാണോ? വ്യാജമാണോ? കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്ന് അറിയാനുള്ള അന്വേഷണത്തിലാണ് കൊച്ചി സിറ്റി പൊലീസ്. പുറത്ത് പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് തോക്കുമായി ബാറിനകത്തേക്ക് ഗുണ്ടാസംഘം പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്ക് തോക്ക് ലൈസൻസ് ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വെടിയുതിർക്കാൻ ശേഷിയുള്ള കള്ളത്തോക്കാണോ ബാറിനകത്ത് കൊണ്ടുവന്നതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിലൂടെ ഇതിന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ലൈസൻസിന് കർശന നിയമങ്ങൾ
തോക്ക് ലൈസൻസ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ ചട്ടങ്ങൾ കർശനമാക്കുകയും സംസ്ഥാന സർക്കാർ നിയന്ത്രണം കടുപ്പിക്കുകയും ചെയ്തതോടെ കേരളത്തിൽ അംഗീകൃത തോക്ക് വില്പന കുറഞ്ഞു. ഇതോടെ കള്ളത്തോക്കുകളുടെ വില്പന വർദ്ധിച്ചതായി തോക്ക് വ്യാപാരികൾ പറയുന്നു.
20 വർഷം മുമ്പ് ലൈസൻസ് എളുപ്പമായിരുന്നെങ്കിൽ ഇപ്പോൾ നിയമങ്ങൾ കർശനമാണ്.
അനുമതി നൽകുന്നത് കളക്ടർ: ആംസ് ആക്ട് പ്രകാരം ജില്ലാ കളക്ടറാണ് ലൈസൻസ് അനുവദിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ പൊലീസ് അനുകൂല റിപ്പോർട്ട് നൽകുന്നത് അപൂർവമായതിനാൽ 90 ശതമാനം അപേക്ഷകളും കളക്ടർമാർ തള്ളാറാണ് പതിവ്. കോടതിയെ സമീപിച്ചാണ് പലരും ലൈസൻസ് നേടുന്നത്.
അനുവദിച്ച ലൈസൻസുകളുടെ കണക്ക്: 2021 മുതൽ 2025 വരെ നാല് വർഷത്തിനിടെ വ്യക്തികൾ, സ്ഥാപനങ്ങൾ, കായികരംഗം, ഡീലർ വിഭാഗങ്ങളിലായി 713 ലൈസൻസുകൾ മാത്രമാണ് കേരളത്തിൽ അനുവദിച്ചത്.
വർഷം തിരിച്ച്
2021ൽ 170
2022ൽ 220
2023ൽ 208
2024ൽ 115
കാട്ടുപന്നിയെ വെടിവയ്ക്കാൻ: നിലവിൽ വ്യക്തിഗത ലൈസൻസുകളിൽ അധികവും കാട്ടുപന്നിയെ വെടിവയ്ക്കാനാണ് നൽകുന്നത്. 2024ൽ ഈ വിഭാഗത്തിൽ കണ്ണൂരിൽ 38, വയനാട്ടിൽ 21, കോഴിക്കോട് 15 ലൈസൻസുകൾ അനുവദിച്ചു. മലയോര ജില്ലയായ ഇടുക്കിയിൽ നാല് വർഷത്തിനിടെ 57 ലൈസൻസുകൾ അനുവദിച്ചു.
പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധം
ലൈസൻസിന് അപേക്ഷിക്കുമ്പോൾ തോക്ക് പരിശീലനം നേടിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2016ലെ കേന്ദ്ര ഭേദഗതി പ്രകാരം അക്രഡിറ്റഡ് ട്രെയ്‌നറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ, ഇത്തരം പരിശീലകരുടെ പട്ടിക കേരളം ഇതുവരെ തയ്യാറാക്കിയിട്ടില്ല. നിലവിൽ കേരളത്തിൽ എയർഗൺ കടകൾ ഉൾപ്പെടാതെ 16 തോക്ക് കടകളാണ് ഉള്ളത്.
2024ൽ നൽകിയ തോക്ക്
ലൈസൻസ്
(വ്യക്തി, സ്ഥാപനം, കായികരംഗം, ഡീലർ വിഭാഗം സംയുക്തമായി)*
കണ്ണൂർ ...............................38
കോഴിക്കോട്.....................21
വയനാട്..............................21
എറണാകുളം.....................8
തിരുവനന്തപുരം............. 7
കോട്ടയം ................................5
പാലക്കാട്..............................5
ഇടുക്കി...................................4
ആലപ്പുഴ................................2
കാസർകോട്...................... 2
തൃശൂർ....................................1
മലപ്പുറം.................................1
കൊല്ലം...................................0
പത്തനംതിട്ട........................0
വിവരാവകാശ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കണക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |