ചെന്നൈ: വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്രയ്ക്കിടെ കരൂരിൽ വൻദുരന്തം ഉണ്ടായത് സൂപ്പർതാരത്തിന്റെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടിയായേക്കും. പൊലീസിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചാണ് വിജയ് രാഷ്ട്രീയ യാത്ര നടത്തിയതെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിജയ്‌യെ പ്രതിയാക്കി പൊലീസ് കേസെടുക്കും. അറസ്റ്റിനും സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിൽ സംഭവം വിജയ്‌ക്കെതിരെ രാഷ്ട്രീയ ആയുധമാക്കി ഡി.എം.കെയും അണ്ണാ ഡി.എം.കെയും മാറ്റുമെന്നുറപ്പ്. ഇന്നലെ രാത്രി കരൂരിൽ വിജയ് സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടത്തിന്റെ തുടക്കം. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വൻ ജനസഞ്ചയം തടസമായി. അപ്പോഴും വിജയ് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിനുമുകളിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ വിമർശിച്ചായിരുന്നു വിജയ് അപ്പോൾ സംസാരിച്ചിരുന്നത്. ഇപ്പോഴത്തെ ഭരണം ആറു മാസം കഴിയുമ്പോൾ മാറുമെന്നും പുതിയ പാർട്ടി അധികാരത്തിൽ വരുമെന്ന് പൊലീസ് ഓർക്കണമെന്നും വിജയ് പറഞ്ഞു. അപ്പോഴേക്കും ആമിക എന്ന പെൺകുട്ടിയെ കാണാനില്ലെന്ന് ഒരു നേതാവ് വേദിയിലെത്തി വിജയ്‌യെ അറിയിച്ചു. അക്കാര്യം മൈക്കിലൂടെ അനൗൺസ് ചെയ്ത് ശേഷം വിജയ് താഴെയിറങ്ങി സ്ഥലംവിട്ടു.
വലിയ ദുരന്തമാണ് നടന്നതെന്ന് അറിഞ്ഞിട്ടും വിജയ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനോ ആശുപത്രിയിലെത്താനോ തയ്യാറാകാത്തതിനെതിരെ രോഷമുയരുന്നുണ്ട്. സേലത്തുനിന്നും നാമക്കലിൽ നിന്നും കൂടുതൽ ആരോഗ്യ പ്രവർത്തകർ കരൂർ മെഡിക്കൽ കോളേജിലെത്തി.
പതിവുപോലെ ഡി.എം.കെ ഭരണത്തെ രൂക്ഷമായി വിർമർശിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ പ്രസംഗം. അണ്ണാ ഡി.എം.കെയ്ക്കും ബി.ജെ.പിക്കും സ്വാധീനമുള്ള കൊങ്കുമേഖലയായതിനാൽ രണ്ടു പാർട്ടികളുടേയും സഖ്യത്തേയും വിമർശിച്ചു. രാവിലെ 11 മുതൽ ജനം കാത്തുനിൽക്കുകയായിരുന്നു. കുട്ടികളെ കൊണ്ടുവരരുതെന്ന് നിർദ്ദേശിച്ചിരുന്നെന്ന് ടി.വി.കെ നേതാക്കൾ പറയുന്നു. വിജയ്‌ക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിനാകില്ലെന്ന് ആശുപത്രിയിൽ എത്തിയ ചില ഡി.എം.കെ നേതാക്കൾ പറഞ്ഞു.
അനുശോചനം
രേഖപ്പെടുത്തി രാഷ്ട്രപതി
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു. ദുരന്തത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മുർമു എക്സിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും മുർമു കൂട്ടിച്ചേർത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, നടൻ രജനീകാന്ത് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ, നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു എന്നിവർ അനുശോചിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വിദേശത്തുനിന്ന് തിരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |