അതിക്രൂര കൃത്യം 2006ൽ
കാണാനില്ലെന്ന് പരാതി 2017ൽ
ചേർത്തല : കടക്കരപ്പള്ളിയിൽ നിന്ന് 2006ൽ കാണാതായ ബിന്ദു പദ്മനാഭനെ പള്ളിപ്പുറത്തെ തന്റെ വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചിട്ടതായി പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തൽ. മൃതദേഹം അഴുകിയെന്നുറപ്പായപ്പോൾ അസ്ഥി പുറത്തെടുത്ത് കത്തിച്ച് ചാരമാക്കി തണ്ണീർമുക്കം ബണ്ടിലെ ചിറയിൽ നിന്ന് കായലിലേക്ക് തള്ളി.
ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ കൊലക്കേസിൽ പിടിയിലായി ചോദ്യംചെയ്തപ്പോഴാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതും സമ്മതിച്ചത്. റിമാൻഡിലായിരുന്ന സെബാസ്റ്റ്യനെ (61) കസ്റ്റഡിയിൽ വാങ്ങിയ ക്രൈംബ്രാഞ്ച് ഇന്നലെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലും തണ്ണീർമുക്കം ബണ്ടിലും എത്തിച്ച് തെളിവെടുത്തു. ബിന്ദുവിനെ കൊലപ്പെടുത്തിയ സ്ഥലവും രീതിയും കുഴിച്ചിട്ടസ്ഥലവും ഇയാൾ കാട്ടിക്കൊടുത്തു. കുഴിച്ചിട്ടതെന്നു കരുതുന്ന സ്ഥലത്തെ മണ്ണടക്കം ശാസ്ത്രീയ പരിശോധയ്ക്ക് ശേഖരിച്ചു. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.ഹേമന്ത്‌കുമാറിന്റെയും എസ്.ഐ കെ.ആർ.ബിജുവിന്റെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കടക്കരപ്പള്ളി പത്മനിവാസിൽ പരേതരായ പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളാണ് ബിന്ദു. കാണാനില്ലെന്ന് സഹോദരൻ പ്രവീൺകുമാർ ആഭ്യന്തരവകുപ്പിന് പരാതി നൽകിയത് വർഷങ്ങൾക്കിപ്പുറം 2017ലാണ്. വീട്ടിൽ നിന്ന് അകന്നു കഴിഞ്ഞിരുന്ന ബിന്ദുവിനെ സെബാസ്റ്റ്യൻ വകവരുത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. ജീവിച്ചിരുന്നെങ്കിൽ 54 വയസാകുമായിരുന്നു ബിന്ദുവിന്.
2017മുതൽ ലോക്കൽ പൊലീസും തുടർന്നു ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ ജൂലായ് 28ന് ജെയ്നമ്മയെ കാണാതായതുമായി ബന്ധപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബിന്ദു തിരോധാനക്കേസും ചൂടുപിടിച്ചത്. ബിന്ദുവിനും ജെയ്നമ്മക്കും പുറമെ ചേർത്തല സ്വദേശിനി റിട്ട. പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മയെ (ഐഷ) കാണാതായ കേസിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്. വീട്ടുമുറ്റത്ത് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ ആരുടേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
കൊലയിലെത്തിച്ചത് പണം
പങ്കുവയ്ക്കുന്നതിലെ തർക്കം
അമ്പലപ്പുഴയിൽ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട പണത്തിന്റെ കൈമാറ്റം സെബാസ്റ്റ്യന്റെ വീട്ടിൽ വച്ചായിരുന്നു. സ്ഥലം വാങ്ങിയ പള്ളിപ്പുറം സ്വദേശി സതീശൻ നൽകിയ തുക പങ്കുവയ്ക്കുന്നതിൽ തർക്കമുണ്ടായി. തുടർന്ന് ബിന്ദുവിനെ കൊന്നെന്നാണ് സെബാസ്റ്റ്യൻ പറഞ്ഞത്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. മൃതദേഹാവശിഷ്ടം കിട്ടാത്തതിനാൽ ശാസ്ത്രീയ പരിശോധനയാണ് പൊലീസിന് ആശ്രയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |