തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ മലയാള ചാനൽ ചർച്ചക്കിടെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവിന്റെ നടപടി ക്രിമിനൽ കുറ്റകൃത്യമായതിനാൽ ഇത്തരം വിദ്വേഷ പ്രചാരകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തെഴുതി.
രാഹുൽ ഗാന്ധിയെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണിത്.വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെതിരെ കേസെടുക്കാത്തത് ആരുടെയെങ്കിലും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
ബി.ജെ.പി നേതാവിനെ
സംരക്ഷിക്കുന്നത്
പിണറായി സർക്കാർ:
എം.എം.ഹസൻ
തിരുവനന്തപുരം: സ്വകാര്യചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി വ്യക്താവ് നടത്തിയ വധഭീഷണിയിൽ ആഭ്യന്തര വകുപ്പ് കേസെടുക്കാത്തത് സി.പി.എം-ബി.ജെ.പി രാഷ്ട്രീയ ധാരണയിലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ. ജനാധിപത്യ സംരക്ഷണത്തിനും വർഗീയതക്കുമെതിരെ പോരാടുന്ന രാഹുൽഗാന്ധിയെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് പുറത്തുവന്നത്.രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പ്രഖ്യാപിക്കാൻ ഗോഡ്സെയുടെ അനുയായിക്ക് ധൈര്യമുണ്ടായത് കേരളത്തിൽ സി.പി.എം ഭരിക്കുന്നതിനാലാണ്. സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് ഭയപ്പെടില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.
ഇന്ന്കോൺഗ്രസ്
പ്രതിഷേധം
തിരുവനന്തപുരം: സ്വകാര്യചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി വക്താവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു. ഇന്ന് വൈകിട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉയർന്നിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ല.വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാരിന്റേത്.സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയിലാണിത്.നിയമനടപടി സ്വീകരിക്കാതെ ബി.ജെ.പിയുടെ വിദ്വേഷ പ്രചാരകർക്ക് പ്രോത്സാഹനവും സംരക്ഷണവും നൽകുന്നതിലൂടെ പിണറായി സർക്കാരിന്റെ കൂറ് ആരോടാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |