കീവ്: യുക്രെയിൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ പന്ത്രണ്ട് വയസുകാരിയടക്കം 4 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായിരുന്നു റഷ്യൻ ആക്രമണം. 40 ഓളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കൻമേഖലയിൽ 31 പേർക്കും പരിക്കേറ്റെന്ന് അധികൃതർ പറഞ്ഞു. ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം 595 ഡ്രോണുകളും 38 മിസൈലുകളും പ്രയോഗിച്ചു. ഇതിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്നു. ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടെന്നും യുക്രെയിൻ അവകാശപ്പെട്ടു. അതിനിടെ പോളണ്ട് വ്യോമപാത അടച്ചു. ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ധനം വാങ്ങുന്നത് അടക്കം നിറുത്തി മറ്റു രാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടു. 600ലേറെ ഡ്രോണുകളാണ് ഇന്നലെ പുലർച്ചെ റഷ്യ കീവിലേക്ക് വർഷിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട റഷ്യൻ അധിനിവേശത്തിനിടെ ഏറ്റവും വലിയ ഏരിയൽ ആക്രമണമാണിത്.
അതേസമയം, റഷ്യ തുടർച്ചയായി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതോടെ ഞായറാഴ്ച പുലർച്ചെ മുതൽ കീവിലും പരിസരപ്രദേശങ്ങളിലും അപായ സൈറണുകൾ മുഴങ്ങിയിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ സാധാരണക്കാർക്ക് നേരേയും ആക്രമണമുണ്ടായെന്നും യുക്രെയിൻ ആരോപിച്ചു. റഷ്യ നടത്തിയ ആക്രമണം സാധാരണക്കാർക്ക് നേരേയുള്ള യുദ്ധമാണെന്നായിരുന്നു യുക്രെയിൻ പ്രസിഡന്റിന്റെ ചീഫ് ഒഫ് സ്റ്റാഫായ ആൻഡ്രിയ് യെർമാക്കിന്റെ പ്രതികരണം.
റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ അടുത്തിടെ യുക്രൈന് ഇസ്രയേലിൽനിന്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചിരുന്നു. ജർമനിയിൽനിന്നുകൂടി വ്യോമ പ്രതിരോധസംവിധാനം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയും യുക്രെയിൻ പ്രസിഡന്റ് പങ്കുവച്ചിരുന്നു.
അതേസമയം, ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം തലസ്ഥാനമായ കീവ് ആയിരുന്നുവെന്നാണ് യുക്രെയിൻ സൈന്യം അറിയിച്ചു. വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് യുക്രെയിൻെതിരെ വലിയ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യയുടെ യുക്രെയ്നിലെ പൂർണ്ണ തോതിലുള്ള അധിനിവേശം മൂന്നാം വർഷത്തിലും തുടരുകയാണ്. ശനിയാഴ്ച രാത്രിയിൽ നടന്നത് സമീപ മാസങ്ങളിലെ ഏറ്റവും ശക്തമായ വ്യോമാക്രമണങ്ങളിൽ ഒന്നാണ്. നഗരത്തിലെ കാർഡിയോളജി ഇൻസ്റ്റിറ്റിയൂട്ടിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു നഴ്സും രോഗിയും കൊല്ലപ്പെട്ടതായി അടിയന്തര സേവന വിഭാഗം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |