ഒട്ടാവ: കുടിയേറ്റ നയം പുനഃപരിശോധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. യു.എസിലെ ട്രംപ് ഭരണകൂടം എച്ച്1ബി വിസ ഫീസ് കുത്തനെ ഉയർത്തിയതിന് പിന്നാലെയാണിത്. കുടിയേറ്റ നയം പുനഃപരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ദ്ധരെ ആകർഷിക്കാൻ തയ്യാറെടുക്കുകയാണെന്നും കാർണി പറഞ്ഞു. അവരിൽ പലരും സാങ്കേതിക മേഖലയിൽ ഉള്ളവരാണെന്നും ജോലി ആവശ്യത്തിനായി മാറ്റത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഭകളെ ആകർഷിക്കാൻ കനേഡിയൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തമായ നടപടി ഉടൻ ഉണ്ടാകും. ഇത് കാനഡയ്ക്ക് ഒരു അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒരു കാലത്ത് കാനഡയെ ഒഴിവാക്കിയിരുന്ന പ്രതിഭകളെ ആകർഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ഈ പ്രസ്താവനയെന്നാണ് റിപ്പോർട്ട്. ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് തുടങ്ങിയ ടെക് ഭീമന്മാർക്ക് പ്രധാന കനേഡിയൻ നഗരങ്ങളിൽ നിലവിൽ ഓഫീസുകളുണ്ട്. ഭീമമായ എച്ച് 1 ബി വിസ ഫീസ് ഒഴിവാക്കുന്നതിനായി അവർക്ക് അവിടെ നിയമനം വേഗത്തിലാക്കാൻ കഴിഞ്ഞേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കുടിയേറ്റക്കാർ ജർമ്മൻ സമൂഹത്തിന് നൽകുന്ന സംഭാവനകൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ ഇന്ത്യൻ പ്രതിഭകളെ പരസ്യമായി ക്ഷണിച്ചിരുന്നു. യുകെയിൽ പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ ഗ്ലോബൽ ടാലന്റ് ടാസ്‌ക് ഫോഴ്സ് മികച്ച ശാസ്ത്രജ്ഞർ, അക്കാഡമിക് വിദഗ്ദ്ധർ, ഡിജിറ്റൽ വിദഗ്ദ്ധർ എന്നിവർക്കുള്ള വിസ തടസങ്ങൾ കുറയ്ക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള ബിരുദങ്ങളോ അഭിമാനകരമായ അവാർഡുകളോ ഉള്ളവർക്ക് ഫീസില്ലാത്ത പ്രവേശനം നൽകാനുള്ള സാദ്ധ്യതയടക്കം അവർ പരിഗണിക്കുന്നുണ്ട്. കാനഡ മാത്രമല്ല, ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മിനിയും യു.കെയും ഇതിനോടകം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |