കൊച്ചി: പഴയ സ്വർണം എടുക്കുമെന്നും പണയം വച്ച സ്വർണ ഉരുപ്പടികൾ എടുത്തു കൊടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ് പരസ്യം ചെയ്യുന്ന പോസ്റ്ററുകൾക്കെതിരെ മുന്നറിയിപ്പുമായി ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. ഇത്തരം വ്യാജ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ എല്ലായിടത്തും ഇത്തരം പോസ്റ്ററുകൾ ദൃശ്യമാണ്. കേരളത്തിലെ സ്വർണ വ്യാപാര മേഖലയുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും അസോസിയേഷൻ ആരോപിച്ചു. കടമുറിയില്ലാതെ , ജി.എസ്.ടി രജിസ്ട്രഷൻ ഇല്ലാതെ ഫോൺ നമ്പർ മാത്രം നൽകി അദൃശ്യമായാണ് ഇത്തരക്കാർ തട്ടിപ്പു നടത്തുന്നത്. തട്ടിപ്പുകാരും മോഷണ സംഘങ്ങളുമാണ് ഇത്തരം റാക്കറ്റുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന തട്ടിപ്പുകാർ ഉൾപ്പെടെയുള്ളവർ സ്വർണ വ്യാപാര മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്വർണം തങ്കമാക്കുന്ന പണിയെടുക്കുന്നവർ, അനധികൃതമായി പഴയ സ്വർണം എടുക്കുകയും പുതിയ സ്വർണത്തിന്റെ വ്യാപാരം നടത്തുകയും ചെയ്യുന്നവർ എന്നിവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
സ്വർണ പണയ സ്ഥാപനങ്ങളും പ്രൈവറ്റ് ബാങ്കുകളും സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന നടപടി നിയമവിരുദ്ധമാണ്. സ്വർണത്തിന്റെ വില വൻതോതിൽ വർദ്ധിച്ചതിനാ. വ്യാപകമായ തോതിൽ സ്വർണ മോഷണം നടക്കുന്നതായും ഉപഭോക്താക്കളും സ്വർണ വ്യാപാരികളും ജാഗ്രത പാലിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |