വാഷിംഗ്ടൺ: വെടിനിറുത്തലിനുള്ള രാജ്യാന്തര സമ്മർദ്ദം തുടരുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം യു.എൻ പൊതുസഭയിൽ നെതന്യാഹു നേരിട്ട കനത്ത പ്രതിഷേധനത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് നെതന്യാഹു യു.എസിലെത്തുന്നത്. അതേസമയം, ഇ സ്രയേൽ വെസ്റ്റ് ബാങ്കിൽ നടത്തുന്ന പരമാധികാരം സംബന്ധിച്ച വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. യു.എന്നിൽ വെസ്റ്റ് ബാങ്കും ഗാസയും പാലസ്തീനിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പാലസ്തീൻകാരുടെ സ്വയംനിർണായവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട യോഗം ഗാസയിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്നും ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ ഹമാസ് വിട്ടയയ്ക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതിനിടെ ഗാസ യുദ്ധം അവസാനിപ്പിക്കാൻ 21 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതി ആവിഷ്കരിച്ച് യു.എസ്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ മോചനം, ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കൽ, ആയുധംവച്ച് കീഴടങ്ങുന്ന ഹമാസ് അംഗങ്ങൾക്ക് മാപ്പ് നൽകൽ തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് യു.എസിന്റെ പദ്ധതി.
യു.എൻ ജനറൽ അസംബ്ലിയുടെ 80 -ാം സെഷന്റെ ഭാഗമായി നടത്തിയ അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ യോഗത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതി അവതരിപ്പിച്ചെന്നാണ് റിപ്പോർട്ട്. പാലസ്തീനികൾക്ക് ഗാസയിൽ തന്നെ തുടരാമെന്നും പദ്ധതിയിൽ നിർദ്ദേശിക്കുന്നു. ഗാസയെ ഏറ്റെടുത്ത് പാലസ്തീനികളെ മിഡിൽ ഈസ്റ്റിലെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നാണ് ട്രംപ് നേരത്തെ വാദിച്ചിരുന്നത്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് പദ്ധതിയിലെ നിർദ്ദേശങ്ങൾ. പാലസ്തീൻ രാഷ്ട്രത്തിന്റെ ഭാവി സാദ്ധ്യതകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്വതന്ത്ര പാലസ്തീൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നെതന്യാഹു. പദ്ധതിയെ പറ്റി യു.എസ് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു. അതിനിടെ ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ഇന്നലെ നടത്തിയ ആക്രമണത്തിൽ 25ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
മദ്ധ്യേഷയിൽ യു.എസിന്റെ
നിർണായക നീക്കം
മദ്ധ്യേഷ്യയിൽ യു.എസ് നിർണായക നീക്കത്തിന് ഒരുങ്ങുയാണെന്ന സൂചനകൾ നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'മദ്ധ്യപൂർവ്വദേശത്തിന്റെ മഹത്വത്തിനായി ഒരു യഥാർത്ഥ അവസരം വന്നുചേർന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നത്. നമ്മൾ അത് പൂർത്തിയാക്കുക തന്നെ ചെയ്യും' -ട്രംപ് സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതിന്റെ വിശദാംശങ്ങളൊന്നും ട്രംപ് പങ്കുവച്ചില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പോസ്റ്റെന്നതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |