തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശില്‌പത്തിന്റെ പീഠം പരാതിക്കാരനായ സ്‌പോൺസറുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ആഗോള അയ്യപ്പസംഗമത്തിന്റെ പകിട്ട് ഇല്ലാതാക്കാനായുള്ള ഗൂഢാലോചനയായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.
'സംഭവത്തെക്കുറിച്ച് വിജിലൻസ് എസ് പി വിശദമായി അന്വേഷിച്ചിക്കുന്നുണ്ട്. ദേവസ്വം ബോർഡിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. അതുകൊണ്ടുതന്നെ അന്വേഷണത്തെ ഭയക്കുന്നില്ല. ആഗോള അയ്യപ്പസംഗമത്തിന് അഞ്ച് ദിവസം മുമ്പാണ് സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ആരോപണമുന്നയിച്ചത്. സംഭവത്തിൽ ഗൂഢാലോചന നടന്നു. പീഠം കൈയിലുണ്ടായിട്ടും കളവ് പറഞ്ഞു. ദേവസ്വം വിജിലൻസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ബോർഡിന്റെ നഷ്ടപ്പെട്ട അഭിമാനത്തിന് ആര് ഉത്തരവാദിത്തം പറയും'- അദ്ദേഹം ചോദിച്ചു.
ബംഗളൂരു വ്യവസായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്ന് കഴിഞ്ഞദിവസമാണ് ദ്വാരപാലക ശില്പ പീഠം കണ്ടെത്തിയത്. സ്വർണവും മറ്റു ലോഹങ്ങളുമടക്കം മൂന്നുപവനിൽ തീർത്ത പീഠം ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ സഹോദരി മിനി അന്തർജനത്തിന്റെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിലുള്ള വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് ഇത് കണ്ടെത്തിയത്. സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ സ്പോൺസർഷിപ്പിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഇയാളുടെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയത് കോടതി ചോദ്യം ചെയ്തിരുന്നു. 42 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ സ്വർണംപൂശി തിരിച്ചെത്തിച്ചപ്പോൾ നാലുകിലോ കുറഞ്ഞതും വിവാദമായിരുന്നു.
ദ്വാരപാലക ശില്പങ്ങൾക്കു പുറമേ രണ്ട് പീഠംകൂടി നിർമ്മിച്ചു നിൽകിയിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണൻപോറ്റി പറഞ്ഞിരുന്നു. അത് ബോർഡിന്റെ സ്ട്രോംഗ് റൂമിലുണ്ടെന്നും സൂചിപ്പിച്ചിരുന്നു. കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശിച്ചതോടെ വിജിലൻസ് ദേവസ്വം സ്ട്രോംഗ് റൂമുകളിൽ പരിശോധിച്ചു. ഉണ്ണിക്കൃഷ്ണൻപോറ്റിയെ ചോദ്യംചെയ്തു. ഇയാളുടെ തിരുവനന്തപുരത്തെയും ബംഗളൂരൂവിലെയും വീട്ടിൽ പരിശോധന നടത്തിയതോടെയാണ് സൂചന ലഭിച്ചത്.
ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ സഹായിയായ കാരേറ്റ് സ്വദേശി വാസുദേവന്റെ വീട്ടിലാണ് 2021മുതൽ പീഠം സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഇത് സൂക്ഷിക്കാനാവില്ലെന്ന് വാസുദേവൻ ഉണ്ണിക്കൃഷ്‌ണനെ അറിയിച്ചു. അതോടെ കഴിഞ്ഞ 21ന് സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. വിജിലൻസ് ഹൈക്കോടതിയിൽ നാളെ റിപ്പോർട്ട് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |