കൊച്ചി: സർവകാല റെക്കാർഡിൽ സ്വർണവില. 1040 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 86, 760 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 10,845 രൂപയായി ഉയർന്നു. ആഭരണമായി വാങ്ങുമ്പോൾ സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവന് 95,000 രൂപയിലധികം നൽകേണ്ടിവരും.
ഇതേരീതിയിൽ വില കൂടുകയാണെങ്കിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരു പവന്റെ ആഭരണം കിട്ടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകേണ്ടിവരും. സ്വർണവില ഇന്നലെ രണ്ടു തവണയായി 1,040 രൂപ കൂടിയിരുന്നു. രാവിലെ 680 രൂപയും ഉച്ചയ്ക്ക് 360 രൂപയുമാണ് പവന് കൂടിയത്. ഇതോടെ പവൻ വില 85,720 രൂപയിലെത്തി.
ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണവില കുതിച്ചുയരാൻ കാരണമായത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. അതിനോടൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരാനിരിക്കുന്നതും ഡിമാന്റ് ഉയർത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ വിലയിൽ പ്രതിഫലിക്കും.
വിലക്കുതിപ്പിന് പിന്നിൽ
1. സാമ്പത്തിക തളർച്ച മറികടക്കാൻ അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനൊരുങ്ങുന്നു.
2. യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം തുടർച്ചയായി ഉയർത്തുന്നു.
3. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാൽ ഇറക്കുമതി ചെലവ് കൂടുന്നു.
4. സുരക്ഷിത നിക്ഷേപമായ സ്വർണം ആഗോള ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |