കൊല്ലം: തേവലക്കര സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ശാസ്താംകോട്ട സജി നിവാസിൽ എസ്. സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി. സതീഷ് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം അതുല്യയെ ഉപദ്രവിച്ചിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എൻ.വി. രാജു മുൻകൂർ ജാമ്യം റദ്ദാക്കിയത്.
കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കൊല്ലം ഓഫീസിൽ കീഴടങ്ങിയ സതീഷിനെ റിമാൻഡ് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. ആദ്യം കേസന്വേഷിച്ച ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. എന്നാൽ കൊലപാതകത്തിന്റെ തെളിവുകളൊന്നും പ്രഥമാദൃഷ്ട്യാ ഇല്ലെന്ന് കോടതി വ്യക്തമാക്കി. ആതുല്യയുടേത് ആത്മഹത്യയാണെന്ന ഷാർജയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിഗണിച്ചാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സതീഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ റീ പോസ്റ്റ്മോർട്ടത്തിൽ അതുല്യയുടെ ശരീരത്തിൽ 46 മുറിവുകൾ കണ്ടെത്തി. അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിരുന്നു.
ബന്ധുക്കൾ ഹാജരാക്കിയ ദൃശ്യങ്ങൾ പഴയതാണെങ്കിലും അതുല്യ ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്താത്തതിൽ കോടതി നിരാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ജൂലായ് 19നാണ് തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിലെ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |