തിരുവനന്തപുരം: ബിരുദ തലത്തിലെ കരിക്കുലം പരിഷ്കരണം പോലെ ബിരുദാനന്തര ബിരുദ തലത്തിലും പരിഷ്‌കരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. ഇതിനായി ഡിജിറ്റൽ സർവകാശാല മുൻ വിസി ഡോ.സജി ഗോപിനാഥ് അദ്ധ്യക്ഷനായ സമിതി കരട് ശുപർശകൾ സമർപ്പിച്ചിട്ടുണ്ട്. ബിരുദ പരിഷ്‌കരണത്തിന് നേതൃത്വം നൽകിയ ഡോ.സുരേഷ് ദാസ് അദ്ധ്യക്ഷനായ സമിതിയും പ്രവർത്തിക്കുന്നുണ്ട്. 4വർഷ ബിരുദം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പവും സർക്കാരിനില്ല. 4വർഷ ബിരുദമാരംഭിച്ചതിന് ശേഷം സമയബന്ധിതമായി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനായി.റെക്കോർഡ് വേഗത്തിലാണ് സർവകലാശാലകൾ കഴിഞ്ഞ രണ്ട് വർഷം ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.ബിരുദ പഠനത്തിന് ശേഷം ഗവേഷണ,അദ്ധ്യാപക മേഖലയിലേക്ക് കടക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. തൊഴിൽ ആവശ്യവും സംരഭകത്വവും പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ഗവേഷണോന്മുഖ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കും. 2021-25ൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപ സർക്കാർ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു. ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് മലയാളം സർവകലാശാല കേന്ദ്രീകരിച്ച് സെന്റർ ഓഫ് എക്സലൻസും ആരംഭിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽമാരെ നിയമിക്കും
സർവകലാശാലകളിൽ പ്രിൻസിപ്പൽമാരുടെ നിയമനവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലുണ്ടായിരുന്ന കേസിൽ വിധി വന്നിട്ടുണ്ട്. ഉടൻ തന്നെ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കും. പ്രിൻസിപ്പൽമാരുടെ ഇൻചാർജ് വഹിച്ചിരുന്നവരെല്ലാം തന്നെ പ്രിൻസിപ്പലാവാൻ യോഗ്യതയുള്ളവരാണ്. അവരുടെ നേതൃത്വത്തിൽ നാക് അക്രഡിറ്റേഷനിലും എൻ.ഐ.ആർ.എഫ് റാങ്കിങ്ങിലും സർക്കാർ കോളജുകൾക്ക് മുന്നേറാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |