ഹമാസിന് 72 മണിക്കൂർ സമയം നൽകി ട്രംപ്
വാഷിംഗ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച 20 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 72 മണിക്കൂറിനുള്ളിൽ ഹമാസ് മറുപടി പറയണമെന്നും, അങ്ങനെയെങ്കിൽ ആ നിമിഷം യുദ്ധം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണം.
ട്രംപും നെതന്യാഹുവും വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ട്രംപിന്റെ നേതൃത്വത്തിലെ ബോർഡിനാണ് പദ്ധതിയുടെ മേൽനോട്ടം. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അംഗമാകും. ഗാസയിൽ ഹമാസിന്റെ സൈനിക/ഭരണ ശേഷി ഇല്ലാതാക്കുക, ഗാസയുടെ പുനർനിർമ്മാണം, മാനുഷിക സഹായം തുടങ്ങിയ നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. ഹമാസിനെ അനുനയിപ്പിക്കേണ്ട ചുമതല ട്രംപ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് കൈമാറി. ഹമാസ് വിസമ്മതിച്ചാൽ ഇസ്രയേൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഖത്തറിനോട് ക്ഷമാപണം
ഖത്തറിൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയെ ഫോണിൽ വിളിച്ചാണ് പരമാധികാരം ലംഘിച്ചതിൽ ഖേദം അറിയിച്ചത്. സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി. ഈ മാസം 9നാണ് ദോഹയിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 5 ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |