കരൂർ: ''ഇത്തരമൊരു സംഭവം രാജ്യത്ത് ഇനി ഒരിക്കലും സംഭവിക്കരുത്'' കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയത് വൈകാരിക പ്രതികരണം.
''കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാർ, ഭാര്യയെ നഷ്ടപ്പെട്ട 60 വയസ്സുള്ള പുരുഷൻ, സഹോദരനെ നഷ്ടപ്പെട്ട സ്ത്രീ... മിക്കവരും ദരിദ്ര കുടുംബങ്ങളിലുള്ളവർ. അവരുടെ വിലാപം കേട്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല. അവരുടെ ദുഃഖം വാക്കുകൾക്ക് അതീതമാണ്``- സന്ദർശനത്തിനുശേഷം നിർമ്മല മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. പ്രധാമന്ത്രി നരേന്ദ്രമോദി, കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുടെ നിർദേശപ്രകാരമാണ് തമിഴ്നാട്ടിലെ കേന്ദ്രമന്ത്രി എൽ.മുരുകനൊപ്പം നിർമ്മല കരൂരിൽ എത്തിയത്.
വാർത്താസമ്മേളനത്തിൽ വിജയ്‌യെ വിമർശിക്കുകയോ ഡി.എം.കെ സർക്കാരിനെ കുറ്രപ്പെടുത്തുകയോ ചെയ്തില്ല.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഓരോ രോഗിയോടും ചോദിച്ചു, അക്കൗണ്ടിൽ പണം എത്തിയോ? ഇല്ലെന്നാണ് പറഞ്ഞത്. രണ്ടു ദിവസത്തിനുള്ളിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി എല്ലാവർക്കും സഹായധനം എത്തിക്കാൻ കളക്ടറോടു നിർദേശിച്ചിട്ടുണ്ട്.
സർക്കാർ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണോ? തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി വീഡിയോ പുറത്തിറക്കിയല്ലോ?
ഇതൊന്നും അന്വേഷിക്കാനല്ല വന്നത്. പ്രധാനമന്ത്രിക്ക് നേരിട്ട് വരാൻ കഴിയാത്തതിനാൽ, ഞങ്ങളോടു പോയി ഓരോ കുടുംബത്തെയും സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കാൻ നിർദേശിച്ചു.
എന്തുകൊണ്ട് സംഭവിച്ചതെന്ന് മനസിലായോ?
നാട്ടുകാർ പറയുന്നതനുസരിച്ച് വലിയ ജനക്കൂട്ടമായിരുന്നു. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ ആളുകൾ എത്തി, കെട്ടിടത്തിന് മുകളിലേക്ക് കയറിയവർ എല്ലാവരും വീണു. തകര മേൽക്കൂരയിൽ നിന്നവർ വഴുതി വീണു. വൈദ്യുതി നിലച്ചു, അങ്ങനെ പലതും.
ആരുടെ അശ്രദ്ധ കൊണ്ടാണ് ?
അത് നിർണ്ണയിക്കാൻ എനിക്ക് അധികാരമില്ല.
സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ പറയുന്നത്?
കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിനിധിയായാണ് ഞാൻ വന്നത്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി ഡോ. മുരുകനുമുണ്ട്. ഒരു പാർട്ടിയുടെ നേതാവോ, നമ്മുടെ പാർട്ടി നേതാവോ പറഞ്ഞതിനെക്കുറിച്ചൊന്നും സംസാരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |