ധാക്ക: ബംഗ്ലാദേശിലെ ഖഗ്രചാരിയിലെ ഗ്വിമാര മേഖലയിലുണ്ടായ സംഘർഷത്തിൽ 3 ഗോത്രവർഗ്ഗക്കാർ കൊല്ലപ്പെട്ടു. 40ലേറെ പേർക്ക് പരിക്കേറ്റു. ഇവിടെ ന്യൂനപക്ഷ - ഗോത്ര വിഭാഗത്തിൽപ്പെട്ട 13കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി തുടങ്ങിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഗോത്രവർഗ്ഗക്കാരും മേഖലയിൽ കുടിയേറി താമസിക്കുന്ന മറ്റ് ബംഗാളി വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, സംഘർഷം നിയന്ത്രിക്കാനെത്തിയ സൈന്യം പ്രതിഷേധക്കാരെ വെടിവച്ചെന്നാണ് ആക്ഷേപം. മേഖലയിലെ മറ്റ് വിഭാഗക്കാരുടെ പിന്തുണയോടെയാണ് സൈന്യം ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്.
ഗോത്രവർഗ്ഗക്കാരുടെ വീടുകൾ കത്തിച്ചതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ വിവരങ്ങളോ കൃത്യമായ മരണകാരണമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇന്നലെയാണ് പുറത്തായത്.
സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശം സൈന്യത്തിന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലാണ്. മേഖലയിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി. അതേ സമയം, സർക്കാരിനെതിരെ ഹിന്ദു, ബുദ്ധ തുടങ്ങി ന്യൂനപക്ഷ വിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |