പട്‌ന: പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷം ബിഹാറില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 7.42 കോടിയാണ് മൊത്തം വോട്ടര്‍മാരുടെ എണ്ണം. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരാണ് ആകെ ഉണ്ടായിരുന്നത്. ജൂണിലുണ്ടായിരുന്ന 7.89 കോടിയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് പ്രത്യേക സമഗ്ര പരിശോധന നടത്തിയത്.
ജൂണിലെ പട്ടികയില്‍ നിന്ന് സമഗ്ര പരിശോധന നടത്തിയാണ് 65 ലക്ഷം പേരെ ഒഴിവാക്കിയത്. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 7.24 കോടി ആയിരുന്നു വോട്ടര്‍മാരുടെ എണ്ണം. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇതില്‍ നിന്ന് 3.66 ലക്ഷം പേരെ കൂടി ഒഴിവാക്കിയിരുന്നു. അതിന് ശേഷം നടന്ന പ്രക്രിയയുടെ ഭാഗമായി 21.53 ലക്ഷം പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ പുതിയ വോട്ടര്‍മാരും നേരത്തെ ഒഴിവാക്കിയതില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി യോഗ്യത തെളിയിച്ച് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് എസ്‌ഐആറുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ആധാര്‍ അടക്കമുള്ള രേഖകള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.
ആധാര്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയാക്കാന്‍ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ സുപ്രീം കോടതി ഇത് അംഗീകരിച്ചിരുന്നില്ല. കേസില്‍ അന്തിമ വിധി വരുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയാണുള്ളത്. ഇതിനായി തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ട്. ഒക്ടോബര്‍ ആദ്യവാരം തന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ബിഹാര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |