പാറശാല: പാറശാല പഞ്ചായത്ത് മാലിന്യനിക്ഷേപ പഞ്ചായത്താകുന്നു. സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തെന്ന് അംഗീകാരം ലഭിച്ച പാറശാലയിലാണ് കവലകൾ തോറും മാലിന്യം കുന്നുകൂടി കിടക്കുന്നത്.
പാറശാല ടൗണിൽ ഗാന്ധിപാർക്ക്-സബ് രജിസ്ട്രാർ റോഡ്, ചെറുവാരക്കോണം റോഡിൽ സി.എസ്.ഐ ലാ കോളേജിന് മുന്നിലെ റോഡ്, ഇടിച്ചക്കപ്ലാമൂട്ടിൽ റെയിൽവേ ബ്രിഡ്ജിന് സമീപം, കെ.എസ്,.ആർ.ടി.സിയുടെ റീജിയണൽ വർക്ക്ഷോപ്പിനായി വാങ്ങിയിട്ടിരിക്കുന്ന ഭൂമി, ദേശീയപാതയിൽ പരശുവയ്ക്കൽ പൊന്നംകുളത്തിനു സമീപം, ബസ് ഷെൽറ്ററിന് സമീപം, പുത്തൻകട -മുള്ളുവിള റോഡ് എന്നിവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് ഉൾപ്പെടെയുളള ചപ്പുചവറുകളും കോഴി വെസ്റ്റ് ഉൾപ്പെടെയുള്ള ദുർഗന്ധം വമിക്കുന്ന വസ്തുക്കളും ചിതറിക്കിടക്കുകയാണ്.
ദേശീയ പാതയിൽ പരശുവയ്ക്കൽ ജംഗ്‌ഷനിലെ ബസ് ഷെൽറ്ററിന് സമീപത്തും, ചെറുവാരക്കോണം സി.എസ്.ഐ ലാ കോളേജിന് സമീപത്തും, ഇടിച്ചക്കപ്ലാമൂട് കെ.എസ്.ആർ.ടിവക സ്ഥലത്തിന് സമീപത്തും സഞ്ചരിക്കണമെങ്കിൽ നാട്ടുകാർക്ക് മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
മാലിന്യം പൊതുവഴിയിൽ
പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്നതിന് ഹരിതകർമ്മ അവാർഡ് നേടിയിട്ടുണ്ടെങ്കിലും ദേശീയപാതയിൽ അതിർത്തി മേഖലയായ ഇഞ്ചിവിള മുതൽ കൊറ്റാമം വരെ റോഡിന് ഇരുവശവും ജംഗ്‌ഷനുകൾ ഒഴികെയുള്ള ഭാഗം പ്ലാസ്റ്റിക് ചിതറിക്കിടക്കുകയാണ്. കൃത്യമായി പരിസരം വൃത്തിയാക്കാത്തതിനാൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ചപ്പുചവറുകൾ ഓടകളിൽ നിറഞ്ഞ് മഴക്കാലങ്ങളിൽ ഓടകൾ അടയുന്നതിനും മഴവെള്ളം ഉൾപ്പെടെ റോഡിലേക്ക് ഒലിച്ചിറങ്ങുന്നതും പതിവാണ്.
നടപടി വേണം
പഞ്ചായത്തിലെ ചപ്പുചവറുകൾ മാറ്റുന്നതിനായി നേരത്തെ ഉണ്ടായിരുന്ന വാഹനം ഏറെക്കാലമായി പുത്തൻകട മാർക്കറ്റിൽ തുരുമ്പിച്ച് നശിച്ച നിലയിൽ കിടക്കുകയാണ്. പാറശാല പഞ്ചായത്തിലെ മാലിന്യങ്ങൾ മാറ്റുന്നതിനായി അടിയന്തരമായി പഞ്ചായത്ത് അധികൃതർ സ്ഥിരം സംവിധാനങ്ങൾ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |