വൈത്തിരി: അവധി ആഘോഷിക്കാൻ വിനോദസഞ്ചാരികൾ കൂട്ടത്തോടെ വയനാട്ടിലേക്ക്. വിനോദസഞ്ചാരികളുടെ വഴിമുടക്കിയായി താമരശ്ശേരി ചൂരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇന്നലെ മണിക്കൂറുകളോളം ആണ് ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടത്. വാഹന പെരുപ്പവും വാഹനങ്ങൾ തകരാറിലായതും കാരണമാണ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയത്. പൂജ അവധിക്ക് നിരവധി വിനോദസഞ്ചാരികളാണ് വയനാട്ടിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം തന്നെ വിനോദസഞ്ചാരികളുടെ വരവ് തുടങ്ങിയിരുന്നു. വിനോദസഞ്ചാര മേഖലയിൽ ഇടക്ക് ഉണ്ടായ മാന്ദ്യം മറികടക്കാൻ കഴിയുമെന്ന തോന്നലുണ്ടാക്കുന്ന തരത്തിലായിരുന്നു സഞ്ചാരികളുടെ വരവ്. ചെറുതും വലുതുമായ ഭൂരിഭാഗം റിസോർട്ട് ഹോം സ്റ്റേകളിലും ബുക്കിംഗ് ഏറെക്കുറെ പൂർത്തിയായിരുന്നു. എന്നാൽ താമരശ്ശേരി ചുരം പതിവുപോലെ വിനോദസഞ്ചാരികളുടെ വഴിമുടക്കിയായി. രാവിലെ ആറാം വളവിൽ ലോറി കുടുങ്ങിയതോടെയാണ് ആദ്യം ഗതാഗത തടസ്സം നേരിട്ടത്. ലോറി മാറ്റിയെങ്കിലും വാഹനപ്പെരുപ്പം കാരണം ഗതാഗത തടസ്സത്തിന് അയവുണ്ടായില്ല. മണിക്കൂറുകളോളം ആണ് ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ചു. ചുരം ഒന്നാം വളവ് മുതൽ ലക്കിടി വരെ ഗതാഗത തടസ്സം രൂക്ഷമായിരുന്നു. ഒറ്റ വരിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇന്നും കൂടുതൽ വാഹനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ ചുരം യാത്രക്കാർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നാണ് അതികൃതർ മുന്നറിയിപ്പ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |